കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം സമാപിച്ചു; സുധീഷ് പ്രസിഡന്റ്, ശിവരാജൻ ജന. സെക്രട്ടറി
text_fieldsസുധീഷ് പ്രസിഡന്റ്, ശിവരാജൻ ജന. സെക്രട്ടറി
കാഞ്ഞങ്ങാട്: മതരാഷ്ട്ര രൂപവത്കരണത്തിനും ഭരണഘടന നിരാസത്തിനുമെതിരായ സംഘ്പരിവാർ ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂന്നി വൈജ്ഞാനിക സമൂഹത്തിലൂടെ വികസിത കേരളം സാധ്യമാക്കാൻ എല്ലാ അധ്യാപകരും രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായി കെ.എസ്.ടി.എ 32ാം സംസ്ഥാന സമ്മേളനം സമാപിച്ചു.
സംസ്ഥാന പ്രസിഡൻറായി ഡി. സുധീഷിനെയും (തിരുവനന്തപുരം) ജനറൽ സെക്രട്ടറിയായി എൻ.ടി. ശിവരാജനെയും (ആലപ്പുഴ) സമ്മേളനം തെരഞ്ഞെടുത്തു. ടി.കെ.എ. ഷാഫിയാണ് (മലപ്പുറം) ട്രഷറർ.
എ.കെ. ബീന (കണ്ണൂർ), എൽ. മാഗി (എറണാകുളം), കെ.വി. ബെന്നി (എറണാകുളം), കെ.സി. മഹേഷ് (കണ്ണൂർ), എം.എ. അരുൺകുമാർ (പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ. ബദറുന്നീസ (മലപ്പുറം), കെ. രാഘവൻ (കാസർകോട്), എ. നജീബ് (തിരുവനന്തപുരം), എം.കെ. നൗഷാദലി (പാലക്കാട്), പി.ജെ. ബിനേഷ് (വയനാട്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
31 അംഗ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെയും 85 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
ഫെഡറലിസം തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. രാവിലെ നടന്ന യാത്രയയപ്പ് സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനദ്രോഹപരവും ഭരണഘടനവിരുദ്ധവുമായ നയങ്ങൾക്കെതിരെ ത്യാഗപൂർണമായ സമരങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘടന രംഗത്തുനിന്ന് വിടവാങ്ങുന്ന സംസ്ഥാന നേതാക്കളെ സമ്മേളനം ആദരിച്ചു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ സ്വാഗതവും പി. ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.