എം.എസ്.എഫിനെ കെ.എസ്.യു നേതാവ് വർഗീയ ചാപ്പ കുത്തിയതിൽ വിശദീകരണവുമായി സംസ്ഥാന പ്രസിഡൻറ്; ‘വൈകാരിക പ്രതികരണം, എസ്.എഫ്.ഐ അജണ്ട വിലപ്പോവില്ല’
text_fieldsകണ്ണൂർ: എം.എസ്.എഫ് മതം പറഞ്ഞ് വിദ്യാർഥി സമൂഹത്തെ വേർതിരിക്കുന്നവരാണെന്നും കാമ്പസിൽ നിന്ന് അകറ്റി നിർത്തണമെന്നുമുള്ള കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പരസ്പരം മത്സരിക്കുന്ന കാമ്പസുകളിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വൈകാരിക പ്രതികരണം മാത്രമാണ് മുബാസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് അലോഷ്യസ് പറഞ്ഞു. എം.എസ്.എഫിന് വർഗ്ഗീയ ചാപ്പ കുത്താനുള്ള എസ്.എഫ്.ഐ അജണ്ട വിലപ്പോവില്ല. ഇക്കാര്യത്തിലുള്ള കെ.എസ്.യു നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.എസ്.എഫുമായി കാമ്പസുകളിൽ നില നിൽക്കുന്ന പ്രാദേശിക വിഷയങ്ങൾ ഉടൻ പരിഹരിക്കും. വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്താൻ ബന്ധപ്പെട്ട കെ.എസ്.യു കമ്മറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എം.എസ്.എഫുമായി സഖ്യമായും പരസ്പരം സൗഹൃദ മത്സരം നടത്തുന്ന കാമ്പസുകളും കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുണ്ട്. ഇത്തരത്തിൽ മത്സരിക്കുമ്പോഴും കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും മുഖ്യ എതിരാളി എസ്.എഫ്.ഐയും എ.ബി.വി.പിയുമാണെന്നും അലോഷ്യസ് പറഞ്ഞു.
‘സ്വാർത്ഥ താത്പര്യത്തോടെയുള്ള എസ്.എഫ്.ഐ അജണ്ടകളെ ഏറ്റുപിടിക്കേണ്ട ബാധ്യത കെ.എസ്.യു പ്രവർത്തകർക്കില്ല. പ്രാദേശിക വിഷയങ്ങൾ ഉണ്ടായ കാമ്പസുകളിൽ എം.എസ്.എഫിന്റെ പ്രാദേശിക കമ്മറ്റികൾ പ്രശ്നപരിഹാരത്തിന് ആവശ്യമായ സഹകരണം നൽകിയിട്ടില്ല എന്ന വിവരം എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരസ്പരം മത്സരിക്കുന്ന കാമ്പസുകളിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വൈകാരിക പ്രതികരണം മാത്രമാണ് കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസിന്റെ ഭാഗത്തു നിന്നുണ്ടായത്. എം.എസ്.എഫിന് വർഗ്ഗീയ ചാപ്പ കുത്താനുള്ള എസ്.എഫ്.ഐ അജണ്ട വിലപ്പോവില്ല. ഇക്കാര്യത്തിലുള്ള കെ.എസ്.യു നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല കോളജ് യൂനിവേഴ്സിറ്റി ഇലക്ഷനുമായി ബന്ധപ്പെട്ട് എം.എസ്.എഫുമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാലയുടെ ചുമതലയുള്ള സംസ്ഥാന ജന. സെക്രട്ടറി അർജ്ജുൻ കറ്റയാട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‘ -അലോഷ്യസ് സേവ്യർ പറഞ്ഞു.
എം.എസ്.എഫ് മതസംഘടനയാണെന്നും കണ്ണൂരിലെ കാമ്പസുകളിൽ നിന്ന് എം.എസ്.എഫിനെ അകറ്റിനിർത്തണമെന്നുമാണ് കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. എം.എസ്.എഫ് വർഗീയസംഘടനയാണെന്ന് എസ്.എഫ്.ഐ നേതാക്കൾ നിരന്തരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കെ.എസ്.യു ജില്ലാ സെക്രട്ടറിയുടേയും വിമർശനം. എംഎം കോളജിൽ കെ എസ് യു സ്ഥാനാർഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളികമ്മിറ്റിയെ ഉപയോഗിച്ച് മതംപറഞ്ഞ് പിന്മാറാൻ എം.എസ്.എഫ് പ്രേരിപ്പിച്ചുവെന്നും മുബാസ് ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.