സുജിത്തിനെ മർദിച്ച പൊലീസുകാരെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിയേക്കും
text_fieldsതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിനെ (27) സ്‌റ്റേഷനുള്ളിൽ ക്രൂരമായി തല്ലിച്ചതച്ച എസ്.ഐ അടക്കം നാല് പൊലീസുകാരെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയേക്കും. തുടര്‍നടപടിക്ക് നിയമസാധുത പരിശോധിക്കാന്‍ ഉത്തരമേഖല ഐ.ജിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. മർദനം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സേനക്കും ആഭ്യന്തര വകുപ്പിനും സർക്കാറിനും ഒരുപോലെ മാനക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.
അതേസമയം, ഒരുതവണ നടപടി എടുത്ത സംഭവത്തില്‍ വീണ്ടും നടപടി എടുക്കുന്നതിൽ നിയമപ്രശ്നമുണ്ടാകാമെന്നാണ് തൃശൂർ ഡി.ഐ.ജി ഹരിശങ്കർ ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. നാല് പൊലീസ് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്‍റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സുജിത്തിന്‍റെ പരാതിയിൽ കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുകയാണ്. തുടർനടപടികൾക്കായി കോടതി ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്.
അതേസമയം, കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് 20 ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായുള്ള സുജിത്തിന്‍റെ വെളിപ്പെടുത്തലും ആഭ്യന്തര വകുപ്പിന് നാണക്കേടായിട്ടുണ്ട്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. മർദിച്ച പൊലീസുകാർക്ക് വേണ്ടി മറ്റ് ചില ഉദ്യോഗസ്ഥരാണ് കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റുമായി സംസാരിച്ചതെന്നാണ് സുജിത്തിന്‍റെ ആരോപണം. പൊലീസിന്‍റെ അതിക്രൂര മര്‍ദന ദൃശ്യങ്ങള്‍ വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് രണ്ടര വര്‍ഷത്തിനുശേഷം പുറത്തുവന്നത്.
2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. ചിലര്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നതായ പരാതിയെത്തുടര്‍ന്ന് കാണിപ്പയ്യൂരിലെത്തിയ പൊലീസ് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് അടുത്ത വീട്ടില്‍ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു. എസ്.ഐ നുഅ്മാന്‍, സീനിയര്‍ സി.പി.ഒ ശശീന്ദ്രന്‍, സി.പി.ഒമാരായ സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ സി.സി.ടി.വി ഇല്ലാത്ത ഭാഗത്തും കൊണ്ടുപോയി പൊലീസുകാരായ ശശിധരൻ, സുബൈർ എന്നിവർ ക്രൂരമായി മർദിച്ചെന്നും സുജിത്ത് ആരോപിക്കുന്നു. കരണത്തേറ്റ അടിയില്‍ സുജിത്തിന് കേള്‍വിത്തകരാറും സംഭവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.