സുജിത്തിനെ ചേർത്തുപിടിച്ച് കെ.സി; ഒരു പവൻ മോതിരം സമ്മാനിച്ചു, ബാധ്യതകൾ തീർക്കാൻ എ.ഐ.സി.സി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
text_fieldsതൃശൂർ: കുന്നംകുളത്ത് പൊലീസ് മൃഗീയമായി മർദിച്ച യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കോൺഗ്രസിന്റെ കരുതൽ. മർദ്ദന ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ പൊലീസുകാർ വാഗ്ദാനം ചെയ്ത വൻതുക നിരാകരിച്ച സുജിത്തിന്റെ കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഒപ്പമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സുജിത്തിനും അമ്മ ഷീബയ്ക്കും ഉറപ്പ് നൽകി. ഈ മാസം 15ന് വിവാഹിതനാകുന്ന സുജിത്തിന് എ.ഐ.സി.സിയുടെ സ്നേഹസമ്മാനമായി ഒരു പവന്റെ സ്വർണ്ണമോതിരം കെ.സി. വേണുഗോപാൽ വിരലിൽ അണിയിച്ചു.
രാജ്യത്തെ കോൺഗ്രസിന് ഒന്നാകെ ഒരു പ്രതീകമാണ് സുജിത്ത് എന്നും സുജിത്തിനേയും പൊലീസ് മർദ്ദനത്തിനെതിരെ പ്രതികരിക്കാൻ വിട്ടുവീഴ്ചകളില്ലാതെ ഒപ്പം നിന്ന കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് വർഗ്ഗീസ് ചൊവ്വന്നൂരിനെയും ഒപ്പമുള്ളവരെയും ഓർത്ത് അഭിമാനിക്കുന്നു എന്നും കെ.സി. പറഞ്ഞു. വർഗീസിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുമെന്നും ഇക്കാര്യം കെ പി സി സി പ്രസിഡന്റുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുജിത്തിന്റെ ആരോഗ്യസ്ഥിതി തിരക്കിയ അദ്ദേഹം ആവശ്യമായ ചികിത്സയ്ക്ക് എല്ലാ സഹായങ്ങളും ഉറപ്പ് നൽകി. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് സുജിത്തിനെ കാണാൻ കെ സി വേണുഗോപാൽ ഡൽഹിയിൽ നിന്നും ചൊവ്വന്നൂരിലെ വീട്ടിൽ എത്തിയത്. മുന്നോട്ടുള്ള പോരാട്ടത്തിൽ ധൈര്യമായി നിൽക്കണം, കോൺഗ്രസ് പാർട്ടി കൂടെ ഉണ്ട്, യു.പി.എ സർക്കാർ നടപ്പിലാക്കിയ വിവരാവകാശ നിയമത്തിന്റെ ഗുണമാണ് ലഭിച്ചത്.
പിണറായി സർക്കാരിന്റെ പൊലീസ് നയം എന്താണെന്ന് തുറന്നറിയിക്കുന്നതാണ് സുജിത്തിനേറ്റ മർദ്ദനം. 2023ൽ നടന്ന സംഭവം മൂടിവെയ്ക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിച്ചത്. സുജിത്തിന് മര്‍ദ്ദനം മേല്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തെ കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നു.എന്നിട്ടും പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. പകരം ഇവരുടെ ഇന്‍ക്രിമെന്റ് കട്ടുചെയ്യുക മാത്രമാണ് ചെയ്തത്. മൃഗീയ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പേരിന് നടപടിയെടുത്ത് സംരക്ഷിച്ച ഉന്നത ഉദ്യോഗസ്ഥരും കുറ്റകൃത്യത്തില്‍ പങ്കാളികളായ പോലീസുകാരെപോലെ തുല്യ പ്രതികളാണ്. കീഴുദ്യോഗസ്ഥര്‍ മോശം പ്രവര്‍ത്തി ചെയ്താല്‍ നടപടിയെടുക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥരാണ്. അവരെ നിയന്ത്രിക്കേത് രാഷ്ട്രീയ മേധാവികളാണ്. അതിനാല്‍ ഈ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. സിപിഎമ്മിലെ ക്രിമിനലുകള്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.
മർദിച്ച ഉദ്യോഗസ്ഥരോളം കുറ്റം മർദ്ദന ദൃശ്യങ്ങൾ കണ്ടിട്ടും അത് പൂഴ്ത്തിവെച്ച് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചെയ്തു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കേരള പൊലീസിനെ ക്രിമിനലുകളുടെ താവളമാക്കുകയാണ് ഒൻപത് വർഷം കൊണ്ട് പിണറായി ചെയ്തത്.
ഒരു യുവാവിനെ മൃഗീയമായി മർദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ ആദ്യം സഹാനുഭൂതി കാണിക്കേണ്ടത് മുഖ്യമന്ത്രി ആയിരുന്നു. ഇതുവരെയും അദ്ദേഹം മിണ്ടിയില്ല- മിസ്റ്റർ പിണറായി ഇനിയെങ്കിലും വായ് തുറക്കണം. ആലപ്പുഴയിൽ പാവപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാനെ സംരക്ഷിച്ച മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സർക്കാർ സുജിത്തിനെ മർദ്ദിച്ച പൊലീസുകാരുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് കാത്തിരിക്കുകയാണ്.
പിണറായി ഭരണത്തിൽ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണ് സുജിത്ത്. ജനമൈത്രി പോലീസിനെ കൊലമൈത്രി പൊലീസ് ആക്കുകയാണ് പിണറായി ചെയ്തത്. പൊലീസിനെ ഈ ഗതിയിലാക്കിയ കാരണഭൂതൻ എന്നാണ് പിണറായി അറിയപ്പെടേണ്ടത് -കെ സി വേണുഗോപാൽ പറഞ്ഞു.
ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ടി എൻ പ്രതാപൻ, എ ഐ സി സി അംഗം അനിൽ അക്കര, ജോസ് വള്ളൂർ, ജോസഫ് ചാലിശ്ശേരി, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ സി ബി രാജീവ്, കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് രമേഷ് തുടങ്ങിയർ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.