കുറിഞ്ഞി: ചെറുകിട താമസക്കാരെ ഒഴിപ്പിക്കേണ്ടെന്ന് മന്ത്രി കെ. രാജു
text_fieldsതിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന ഭൂമിയിൽ താമസിക്കുന്ന ചെറുകിടക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കേണ്ടെന്ന് വനം, പരിസ്ഥിതി മന്ത്രി കെ. രാജു. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രിക്കു നല്‍കിയ മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. ഇവരെ നിലനിര്‍ത്തി കൊണ്ടുതന്നെ കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കാമെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം, ഒഴിഞ്ഞു പോകാന്‍ തയാറാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിച്ച് സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട് ശിപാർശ ചെയ്യുന്നുണ്ട്.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന കടവരി പോലുള്ള പ്രദേശങ്ങളിലുള്ള കൈവശക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കടവരി ഉള്‍പ്പെടുന്ന കൃഷി മേഖല സ്ഥിതി ചെയ്യുന്നത്.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു, വൈദ്യുത മന്ത്രി എം.എം. മണി എന്നിവരടങ്ങിയ സമിതിയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കുറിഞ്ഞി ഉദ്യാനം ഉൾപ്പെടുന്ന മൂന്നാറിലെ വട്ടവട, കൊട്ടക്കമ്പൂർ പ്രദേശങ്ങളും ജനവാസമേഖലയും സന്ദര്‍ശിച്ച് റിപ്പോർട്ട് തയാറാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.