കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം: കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും മാസ്റ്റർ പ്ലാൻ തയാറാക്കി പുതിയ കെട്ടിടം നിർമിക്കണമെന്നും സിറ്റി പൊലീസിന്‍റെ റിപ്പോർട്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള പല കെട്ടിടത്തിലും സമയബന്ധിതമായി അറ്റകുറ്റപ്പണിപോലും നടത്തിയിട്ടില്ല. പല കെട്ടിടങ്ങളും ജീർണാവസ്ഥയിലാണ്. ഇവ ഉടൻ പൊളിച്ചുമാറ്റണമെന്നും പൊലീസ് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കോടതിയുടെ നിർദേശ പ്രകാരം സ്‌പെഷൽ ബ്രാഞ്ച് എ.സി.പി എ. ഉമേഷ്, മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശനൻ, ജില്ല ക്രൈം ബ്രാഞ്ച് എ.സി.പി അനിൽ ശ്രീനിവാസൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് തിങ്കളാഴ്ച മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചും ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചും റിപ്പോർട്ട് തയാറാക്കിയത്. സിറ്റി പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന ഡി.സി.പി ആമോസ് മാമാനാണ് ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയത്.
ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ല, അടുക്കളയിൽ ജോലിചെയ്യുന്നവരടക്കം സുരക്ഷ ചുമതല വഹിക്കുന്നു, സി.സി.ടി.വി കാമറകൾ എല്ലാ ഭാഗത്തും ഇല്ല, ഉള്ളതുതന്നെ പലതും പ്രവർത്തനരഹിതമാണ്, ചുറ്റുമതിലിന് വേണ്ടത്ര ഉയരമില്ലാത്തത് ഭീഷണിയാണ്, മരങ്ങളുടെ ശാഖകളിലൂടെ കയറി ചുറ്റുമതിലിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ട്, കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ ഭീഷണിയാണെന്നു മാത്രമല്ല, പലതിന്‍റെയും ചുമരുകൾ പെട്ടെന്ന് തുരക്കാൻ കഴിയുന്ന രീതിയിലാണ്, പല സെല്ലിനും വേണ്ടത്ര ഉറപ്പും ബലവുമില്ല എന്നിവയടക്കമുള്ള കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വർഷം മാത്രം സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേരാണ് മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയത്. മാത്രമല്ല, സെല്ലിലെ സ്ത്രീയുടെ മർദനമേറ്റ് മഹാരാഷ്ട്ര സ്വദേശിനിയായ യുവതി കൊല്ലപ്പെടുകയും ചെയ്തു. അടുത്തിടെ സെല്ലിൽനിന്ന് രക്ഷപ്പെട്ടയാൾ മലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു. പിന്നാലെയാണ് കോടതി പൊലീസിൽനിന്ന് റിപ്പോർട്ട് തേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.