ലക്ഷദ്വീപ് കപ്പൽയാത്ര: നിരക്കിൽ 40 ശതമാനംവരെ വർധന
text_fieldsകൊച്ചി: കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ കടുത്ത ദുരിതം അനുഭവിക്കുന്ന ലക്ഷദ്വീപ് ജനതക്കുമേൽ യാത്രാക്കൂലി വർധനവ് കൂടി അടിച്ചേൽപിച്ച് ഭരണകൂടം. 40 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. വര്‍ധനവ് ജൂലൈ ഒന്നിന് പ്രാബല്യത്തില്‍വരും.
കൊച്ചിയില്‍നിന്ന് കവരത്തിയിലേക്കുള്ള നിരക്ക് ബങ്ക് ക്ലാസിന് 330 രൂപയുണ്ടായിരുന്നത് 470 രൂപയാക്കി. സെക്കൻഡ് ക്ലാസിന് 1820 രൂപയായും ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 4920 രൂപയുമായി വര്‍ധിപ്പിച്ചു. കൊച്ചിയില്‍നിന്ന് അഗത്തിയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് 3980 രൂപയില്‍നിന്ന് 5580 രൂപയായാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍നിന്ന് ആന്ത്രോത്ത് ദ്വീപിലേക്ക് ബങ്ക് ക്ലാസ് ടിക്കറ്റ് 260 രൂപയായിരുന്നത് 370 രൂപയാക്കി. ഇതേ റൂട്ടില്‍ സെക്കൻഡ് ക്ലാസ് ടിക്കറ്റിന് 940 രൂപയിൽനിന്ന് 1320 രൂപയായും ഫസ്റ്റ്ക്ലാസ് ടിക്കറ്റ് നിരക്ക് 2570 രൂപയിൽനിന്ന് 3600 രൂപയായും വര്‍ധിപ്പിച്ചു.
ഇതിനൊപ്പം കേരളത്തില്‍നിന്ന് പോകുന്ന നോണ്‍ റെസിഡന്റ്‌സിന്റെ നിരക്കിലും വര്‍ധന വരുത്തിയിട്ടുണ്ട്. എം.വി കവരത്തി, എം.വി ലഗൂണ്‍സ്, എം.വി കോറല്‍സ്, എം.വി ലക്ഷദ്വീപ് സീ, എം.വി അറേബ്യന്‍ സീ കപ്പലുകളുടെ നിരക്കും ഒപ്പം ഹൈസ്പീഡ് ക്രാഫറ്റ്‌സിലെ യാത്രാനിരക്കുമാണ് വര്‍ധിപ്പിച്ചത്. ഇതില്‍ എം.വി കവരത്തി, എം.വി കോറല്‍സ് കപ്പലുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. മറ്റ് കപ്പലുകളെല്ലാം അറ്റകുറ്റപ്പണിക്കായി ഡോക്കിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.