ഭൂമി കൈയേറ്റം: കർമ സേനക്ക് അംഗങ്ങളെ നിർദേശിക്കാൻ കൂടുതൽ സമയം തേടി സർക്കാർ
text_fieldsകൊച്ചി: മൂന്നാറിലെയടക്കം ഭൂമി കൈയേറ്റങ്ങൾ പരിശോധിക്കാൻ രൂപവത്കരിക്കുന്ന പ്രത്യേക കർമ സേനയിലേക്ക് (സ്പെഷൽ ടാസ്ക് ഫോഴ്സ്) അംഗങ്ങളെ നിർദേശിക്കാൻ കൂടുതൽ സമയം തേടി സർക്കാർ. എന്നാൽ, അടിയന്തര പ്രാധാന്യം മനസിലാക്കാതെ വീണ്ടും സമയം തേടുന്ന സർക്കാർ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡവിഷൻബെഞ്ച് ഒരാഴ്ച കൂടി സമയം അനുവദിച്ചു. ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങളും രേഖകളിലെ ക്രമക്കേടുകളും അതീവ ഗൗരവമുള്ള വിഷയമാണെന്നും ഇതുസംബന്ധിച്ച പരിശോധനയിൽ ഒട്ടും കാലതാമസം വരുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
കർമ സേന പ്രവർത്തനസജ്ജമാകും വരെ നിലവിലെ അന്വേഷണ സംഘവും ഡിജിറ്റൽ സർവേ ടീമും പ്രവർത്തനം തുടരണം. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച റിപ്പോർട്ട് സർക്കാർ സമർപ്പിക്കണം. ഇനിമുതൽ വില്ലേജ് ഓഫിസറോ പ്രതിനിധിയോ സർവേ സംഘത്തിനൊപ്പം വേണമെന്നും കോടതി നിർദേശിച്ചു. ഭൂമി കൈയേറ്റങ്ങൾ ചോദ്യം ചെയ്ത് വൺ എർത്ത് വൺ ലൈഫ് സംഘടനയടക്കം നൽകിയ ഹരജികളാണ് കോടതിയിലുള്ളത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെയും ഡിജിറ്റൽ സർവേ സംഘത്തിന്റെയും പ്രവർത്തനങ്ങൾക്ക് കൃത്യമായ ഏകോപനം അനിവാര്യമാണെന്ന് വിലയിരുത്തി കോടതിമേൽനോട്ടത്തിൽ പ്രത്യേക കർമസേന രൂപവത്കരിക്കാൻ ഓക്ടോബർ 22നാണ് ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്. ഡിജിറ്റൽ സർവേ നടത്തുമ്പോൾ നിലവിൽ കൈവശക്കാർ കാണിക്കുന്ന അതിരുകൾ ഉപഗ്രഹ സഹായത്തോടെ രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും രേഖകൾ കൂടി പരിശോധിക്കാൻ വില്ലേജ് ഓഫിസർമാരെയും സർവേ സംഘത്തിന്റെ ഭാഗമാക്കണമെന്നും ഹരജി പരിഗണിക്കവേ അമിക്കസ്ക്യൂറി നിർദേശിച്ചു. രേഖകൾ പരിശോധിക്കാതെ അതിരുകൾ നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വ്യാജ പട്ടയങ്ങൾ നിർമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹരജിക്കാർ പറഞ്ഞു. ഉടമസ്ഥാവകാശം വിലയിരുത്താൻ കർമസേന അനിവാര്യമാണെന്നും വ്യക്തമാക്കി. തുടർന്ന് ഹരജി നവംബർ അഞ്ചിന് പരിഗണിക്കാൻ മാറ്റി.

