അട്ടപ്പാടിയിൽ കാട്ടുകൊള്ള, പട്ടയങ്ങൾ കടലാസിലൊതുങ്ങി -കെ.ഇ. ഇസ്മയിൽ
text_fieldsഅഗളി: അട്ടപ്പാടിയിൽ നടക്കുന്നത് കാട്ടുകൊള്ളയെന്ന് മുൻ റവന്യൂമന്ത്രി കെ.ഇ. ഇസ്മയിൽ. മുൻ സർക്കാറുകളുടെ കാലത്ത് അട്ടപ്പാടിയുടെ വികസനത്തിനായി വകയിരുത്തിയ കോടാനുകോടി രൂപ ലഭിക്കുന്നുണ്ടെങ്കിലും വിനിയോഗിക്കപ്പെടുന്നില്ല. 1999ൽ അട്ടപ്പാടിയിൽ വിതരണംചെയ്ത 575 ഏക്കർ പട്ടയഭൂമി മാത്രമല്ല, തുടർന്നുവന്ന സർക്കാറുകളും അവസാനമായി മന്ത്രി കെ. രാജനും നൽകിയ പട്ടയഭൂമി പോലും ആദിവാസികളിലെത്തിയില്ല. പട്ടയം എന്നത് കടലാസിലും രേഖയിലും ഒതുങ്ങി.
കിട്ടിയ പട്ടയരേഖകൾ പ്രകാരം ഭൂമി അളന്നുകൊടുക്കേണ്ടത് റവന്യൂ വകുപ്പാണ്. ആ ബാധ്യത വകുപ്പ് നിർവഹിക്കണം. അതിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കണം. ഇക്കാര്യം റവന്യൂമന്ത്രി രാജന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ.ഇ. ഇസ്മയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച പരാതികൾ കേൾക്കാനും കൈയേറ്റസ്ഥലങ്ങൾ സന്ദർശിക്കാനുമായി അട്ടപ്പാടിയിലെത്തിയതായിരുന്നു കെ.ഇ. ഇസ്മയിൽ.
നാണ്യവിളകൾ നട്ടുപിടിപ്പിച്ച് അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചുനൽകാമെന്ന് പറഞ്ഞ് അട്ടപ്പാടിയുടെ വിവിധ സ്ഥലങ്ങളിലായി 1975ൽ 420 കുടുംബങ്ങൾക്ക് കൊടുത്ത പട്ടയഭൂമി ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല. ചെടികൾ മരങ്ങളായിട്ടും നടത്തിപ്പ് ചുമതലയുള്ള കോഓപറേറ്റിവ് സൊസൈറ്റി ഉദ്യോഗസ്ഥർ ഗ്രാൻഡ് വാങ്ങിക്കൊണ്ടിരിക്കുകയാണ്. ആ ഭൂമി തിരിച്ചുകിട്ടിയാൽ 1500 പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഈ രണ്ട് കാര്യങ്ങൾ നടത്തിയാൽ തന്നെ 90 ശതമാനം ഭൂമിപ്രശ്നങ്ങൾക്കും പരിഹാരമാകും.
ഒരു ജന്മി വന്ന് 750 ഏക്കർ ഭൂമി വിൽക്കുകയും ഇനിയും വിൽക്കാനുണ്ടെന്ന് പറയുകയുമാണ്. ഭൂപരിഷ്‍കരണം നടന്ന കേരളം പോലുള്ള സ്ഥലത്ത് ഇതെങ്ങനെ നടക്കും. ഇതൊക്കെ ആദിവാസിയുടെ ഭൂമിയാണ്. ആ കള്ളത്തരത്തിന് കൂട്ടുനിൽക്കുന്ന, പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന നിലപാട് ആരെടുത്താലും എതിർക്കുമെന്നും കെ.ഇ. ഇസ്മയിൽ പറഞ്ഞു.
കൈയേറ്റം ആരോപിക്കപ്പെടുന്ന കോട്ടത്തറ, ഷോളയൂർ വില്ലേജ് പരിധിയിലെ അധ്വാനപ്പട്ടിയിലെ ഭൂമിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയ മുൻ മന്ത്രി അഗളിയിൽ ആദിവാസി സംഘടന നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. ‘മാധ്യമം’ ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്ന ഭൂമി കൈയേറ്റ വാർത്തകളെത്തുടർന്നാണ് അദ്ദേഹം അട്ടപ്പാടിയിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.