കുടുങ്ങിയ വാഹനങ്ങൾ മാത്രം കടത്തിവിട്ടു; വയനാട് ചുരത്തിലെ ഗതാഗതം വീണ്ടും നിരോധിച്ചു
text_fieldsവൈത്തിരി (വയനാട്): ദേശീയപാതയിൽ വയനാട് ചുരം വ്യൂ പോയന്റിന് സമീപം കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ചതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം പൂർണമായി പുനഃസ്ഥാപിച്ചില്ല. ബുധനാഴ്ച രാത്രി 8.30ഓടെ മണ്ണിടിഞ്ഞ പ്രദേശത്ത് കുടുങ്ങിയ വാഹനങ്ങൾ മാത്രം കടത്തിവിട്ട ശേഷം ഗതാഗതം വീണ്ടും നിരോധിച്ചു.
വ്യാഴാഴ്ച രാവിലെ വിദഗ്ധ പരിശോധനക്കു ശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ചാണ് കല്ലും മണ്ണും ബുധനാഴ്ച രാത്രിയോടെ പൂർണമായി നീക്കംചെയ്തത്. പാറ പൊട്ടിക്കുന്ന യന്ത്രമെത്തിച്ച് വലിയ പാറകൾ പൊട്ടിച്ചാണ് റോഡിൽ നിന്ന് ഇവ മാറ്റിയത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് വ്യൂ പോയന്റിന് എതിർവശത്തുള്ള കുന്നിൻ മുകളിൽനിന്ന് വലിയ ശബ്ദത്തോടെ ഭീമാകാരങ്ങളായ പാറകളും മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ചത്.
തലനാരിഴക്കാണ് ഇതിലെ കടന്നുപോയ കാറുകളിലെ യാത്രക്കാർ രക്ഷപ്പെട്ടത്. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ നിരവധി യാത്രക്കാർ ചുരത്തിൽ കുടുങ്ങി. മൂന്നര മണിക്കൂറിലധികം കഠിന പ്രയത്നം നടത്തി റോഡിന്റെ ഒരു ഭാഗത്തെ കല്ലും മണ്ണും നീക്കി ചുരത്തിൽ കുടുങ്ങിയ യാത്രക്കാരെ കടത്തിവിടുകയായിരുന്നു. പിന്നീട്, വീണ്ടും മണ്ണിടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് ചുരം റോഡിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. തുടർന്ന്, വൈത്തിരിയിലും അടിവാരത്തും വാഹനങ്ങൾ പൊലീസ് തടഞ്ഞു.
ഇതോടെ, ചുരത്തിനു മുകളിലും അടിവാരം ഭാഗത്തും നൂറുകണക്കിന് വാഹനങ്ങൾ കാത്തുകിടന്നു. ബുധനാഴ്ച രാവിലെ കല്ലും മണ്ണും നീക്കാനുള്ള പ്രവൃത്തി പുനരാരംഭിച്ചെങ്കിലും വൈകീട്ടോടെ മേൽഭാഗത്തുനിന്ന് മണ്ണ് ഊർന്നിറങ്ങാൻ തുടങ്ങിയതോടെ അഗ്നിരക്ഷസേന വെള്ളം പമ്പുചെയ്ത് ഇളകിയ മണ്ണ് നീക്കി. കനത്ത മഴയും മൂടൽ മഞ്ഞും പ്രവൃത്തിയെ ബാധിച്ചു. ദീർഘദൂര ബസുകളടക്കം കുറ്റ്യാടി ചുരം വഴിയാണ് തിരിച്ചുവിട്ടത്.
വയനാട് ചുരം വ്യൂ പോയന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. 30 മീറ്ററോളം ഉയരത്തിൽനിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. പ്രദേശത്ത് ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അറിയിച്ചു. മണ്ണിടിച്ചിൽ ഉണ്ടായാൽ തടയാനുള്ള മാർഗങ്ങൾ കണ്ടെത്താൻ വിദഗ്ധ സമിതി പ്രദേശം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.