വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖത്തിനെതിരായ സമരം ശക്തിപ്പെടുത്താൻ തിരുവനന്തപുരം ലത്തീൻ അതിരൂപത തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ അഞ്ചിന് മുല്ലൂർ തുറമുഖ കവാടത്തിന് സമീപത്തെ സമരപ്പന്തലിൽ കൂട്ട ഉപവാസം സംഘടിപ്പിക്കും.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോയുടെയും മുൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യത്തിന്റെയും നേതൃത്വത്തിൽ വൈദികരും വിശ്വാസികളും ഉപവാസത്തിൽ പങ്കെടുക്കും. തുടർദിവസങ്ങളിൽ റിലേ ഉപവാസം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സഭ നേതൃത്വം ആലോചിക്കുന്നു. പദ്ധതി കാരണമുള്ള തീരശോഷണം ഭയാനകമാണെന്ന് ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ പറഞ്ഞു.
ഭാവിയിലും ഇത് വർധിക്കും. ഇതിന് കാരണം തുറമുഖ നിർമാണമാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ അനുഭവം. അതിനാലാണ് പദ്ധതി നിർമാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെടുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം, നിർമാണംമൂലമുള്ള ആഘാതം ഓരോ വർഷവും പഠിക്കാനാണ് വിദഗ്ധസമിതിയെ നിയോഗിച്ചത്. ഈ പഠനം അദാനിക്കുവേണ്ടിയാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.