അരിവാങ്ങാൻ റേഷൻ കടയിൽ പോയി വിരൽ പതിക്കണം, അതേ നാട്ടിൽ മദ്യം വീടുകളിൽ എത്തിച്ച് നൽകാനൊരുങ്ങുന്നു; എൽ.ഡി.എഫിന്റെ മദ്യനയം ജലരേഖയായി -മലങ്കര ഓർത്തഡോക്സ് സഭ
text_fieldsബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
കോട്ടയം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാറിന്റെ മദ്യനയം ജലരേഖയായി മാറിയെന്ന രൂക്ഷ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭ രംഗത്ത്. കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ എൽ.ഡി.എഫിന്റെ ഉറപ്പുകളെല്ലാം ജലരേഖയായി മാറിയെന്നും മദ്യനയത്തെ വിമർശിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
ബാറുകളല്ല സ്ക്കൂളുകളായിരിക്കും തുറക്കുക എന്ന പരസ്യ വാചകവുമായി അധികാരത്തിലെത്തിയ സർക്കാർ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 29 ൽ നിന്ന് ആയിരത്തിലെത്തിച്ചു. മദ്യനയമെന്നത് വെറും ജലരേഖയായി. വിശപ്പിന് അരിവാങ്ങണമെങ്കിൽ റേഷൻ കടയിൽ പോയി വിരൽ പതിക്കണം. അതേ നാട്ടിലാണ് മദ്യം വീടുകളിൽ എത്തിച്ച് നൽകാൻ നീക്കം നടക്കുന്നത്. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.
സർക്കാരിന്റെ മദ്യനയം വികലമാണെന്ന് സർക്കാരിലെ പ്രധാനഘടക കക്ഷിയായ സി.പി.ഐ തന്നെ കോട്ടയം ജില്ലാ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയതായി മാധ്യമ വാർത്തകളുണ്ടായിരുന്നു. മദ്യം സുലഭമാക്കാൻ നടത്തുന്ന ശ്രമങ്ങൾ കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുമെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.