എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് സമാപനം
text_fieldsഎൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ സമാപന വേദിയായ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് തുറന്ന ജീപ്പിൽ എത്തുന്ന ജാഥാ ക്യാപ്റ്റൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം. സ്വരാജ് എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു -വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച എൽ.ഡി.എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് തിരുവനന്തപുരത്ത് ആവേശോജ്ജ്വല സമാപനം. ഫെബ്രുവരി മൂന്നിന് തൃശൂരിലെ ചേലക്കരയിൽനിന്ന് ആരംഭിച്ച ജാഥ 13 ദിവസത്തെ പര്യടനം പൂർത്തിയാക്കി ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു.
സമാപന സമ്മേളനത്തിൽ സംസാരിച്ച ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം, കേരളത്തിൽ ഇടതുപക്ഷം മൂന്നാം ഊഴം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ലോകം വിസ്മയിച്ചു നിൽക്കുന്ന കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെ മറച്ചുപിടിക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ട്രംപും മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ഒരക്ഷരം മിണ്ടാത്ത കോൺഗ്രസ് ബി.ജെ.പിയെ ഭയപ്പെടുകയാണെന്നും ഗാന്ധിജിയുടെ സ്വരാജ് എന്ന ലക്ഷ്യം യഥാർഥത്തിൽ സാക്ഷാത്കരിച്ചത് എൽ.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ഈ നേട്ടങ്ങൾ ജനങ്ങളിൽനിന്ന് ഒളിച്ചുവെക്കുകയാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അഭിപ്രായപ്പെട്ടു. കേരളം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണെന്ന് ചടങ്ങിൽ സംസാരിച്ച ജാഥാംഗം എം. സ്വരാജ് പറഞ്ഞു. കഴിഞ്ഞ 10 വർഷമായി സമാധാനപരമായി ജീവിക്കാൻ സാധിക്കുന്നു എന്നതാണ് നാടിന്റെ പ്രധാന നേട്ടം. വർഗീയവാദികൾ മാളത്തിൽ ഒളിച്ച കാലമാണിതെന്നും വിദ്വേഷം പ്രചരിപ്പിച്ചാൽ വിലങ്ങുവെക്കുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സി.എസ്. സുജാത, അഡ്വ. പി. വസന്തം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

