തദ്ദേശ തെഞ്ഞെടുപ്പ്; മേൽക്കൈക്കപ്പുറം എൽ.ഡി.എഫിന് മുന്നേറ്റം അനിവാര്യം
text_fieldsതിരുവനന്തപുരം: മൂന്നാം ഇടതുസർക്കാറിനായി ഒരുക്കം തുടങ്ങിയ എൽ.ഡി.എഫിന് സെമി ഫൈനൽ പോരാട്ടമായ തദ്ദേശ തെഞ്ഞെടുപ്പിൽ നിലവിലെ മേൽകൈക്കപ്പുറമുള്ള മുന്നേറ്റം അനിവാര്യമാണ്. മൂന്നുമാസത്തിനപ്പുറമുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം തുടരാനുള്ള ഇന്ധനമാണിതെന്നതിനാൽ അരയും തലയും മുറുക്കിയാണ് മുന്നണി ഗോദയിലുള്ളത്. കൈവശമുള്ള കോർപറേഷനുകളും ജില്ല പഞ്ചായത്തുകളുമടക്കം നഷ്ടമാകുന്നപക്ഷം ഭരണ വിരുദ്ധ വികാരത്തിന്‍റെ ആളിക്കത്തലായി അത് മാറും. ആ പ്രചാരണം നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ ഘടകവുമാകും. അതിനാൽ, നേടിയതിനപ്പുറം പിടിച്ചെടുക്കാനാണ് മുന്നണിയുടെ പടയോട്ടം. ജയിക്കാനായി സംഘപരിവാർ, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ ഒഴികെ ഇടതുനയം അംഗീകരിക്കുന്ന മറ്റുപാർട്ടികളിൽ നിന്നുള്ളവരടക്കം ആരെയും കൂടെക്കൂട്ടാൻ കീഴ്ഘടകങ്ങൾക്ക് സി.പി.എം നിർദ്ദേശം നൽകിയിട്ടുണ്ട്.
941 ഗ്രാമ പഞ്ചായത്തിൽ 514ലും 152 ബ്ലോക്ക് പഞ്ചായത്തിൽ 113ലും 87 മുനിസിപ്പാലിറ്റിയിൽ 44ലും 14 ജില്ല പഞ്ചായത്തിൽ 11ലും ആറ് കോർപറേഷനിൽ അഞ്ചിലും ഇടതുഭരണമാണ്. കോർപറേഷനിൽ കൊല്ലത്തും തിരുവനന്തപുരത്തും കോഴിക്കോടും മാത്രമാണ് വ്യക്തമായ മേധാവിത്വം. തിരുവനന്തപുരത്ത് കോൺഗ്രസും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നേരത്തേ കളത്തിലുണ്ട്. ജില്ല പഞ്ചായത്തിൽ എറണാകുളം, മലപ്പുറം, വയനാട് എന്നിവ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ കൈവശമുള്ള 11ൽ ഏതൊക്കെ പോകുമെന്നതും കണ്ടറിയണം. സർക്കാർ ‘പ്രതിക്കൂട്ടിലുള്ള ശബരിമല സ്വർണകൊള്ള, ആരോഗ്യമേഖലയിലെ വീഴ്ചകൾ, പി.എം ശ്രീ എന്നിവ രാഷ്ട്രീയ ചർച്ചയായ സാഹചര്യത്തിൽ ഭരിക്കുന്നവ നിലനിർത്താൻ തന്നെ മുന്നണി ഏറെ വിയർക്കേണ്ടിവരും.
ക്രൈസ്തവ സഭകൾക്ക് സർക്കാറുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കേരള കോൺഗ്രസ് (എം) ഒപ്പമുള്ളതിനാൽ മധ്യകേരളത്തിൽ വലിയ പരിക്കുണ്ടാവില്ലെന്നാണ് കണക്കുകൂട്ടൽ. ഹിന്ദു സമുദായ സംഘടനകളുമായി പൊതുവിൽ നല്ലനിലയിലാണ്. മുസ്ലിം മതവിഭാഗങ്ങൾ ഏകപക്ഷീയമായി യു.ഡി.എഫിനെ പിന്തുണക്കില്ലെന്നുമാണ് പ്രതീക്ഷ. അതേസമയം, മുന്നൊരുക്കത്തോടെ കളത്തിലുള്ള യു.ഡി.എഫിനേയും ബി.ജെ.പിയെയും നേരിട്ട് കുതിപ്പ് നിലനിർത്തുക കഠിന പ്രയത്നം തന്നെയാണ്.
ക്ഷേമ പെൻഷൻ 400 രൂപ കൂട്ടി 2000 ആക്കിയതാണ് മുന്നണിയുടെ തുറുപ്പുചീട്ട്. ആശമാർ, അംഗൻവാടിക്കാർ, കുടുംബശ്രീക്കാർ, പാചക തൊഴിലാളികൾ, പ്രൈമറി സ്കൂൾ ടീച്ചർമാർ, മത്സ്യതൊഴിലാളികൾ തുടങ്ങി അടിസ്ഥാന വിഭാഗങ്ങൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചതും ക്ഷാമബത്തയിലൂടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും രോഷം തണുപ്പിച്ചതും സ്ത്രീകൾക്ക് മാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയും വോട്ടാകുമെന്നണ് വിലയിരുത്തൽ. യു.ഡി.എഫിന് ക്ഷതമേൽപിക്കാനായി കോൺഗ്രസ് -ലീഗ് -വെൽഫെയർ കൂട്ടുകെട്ടാരോപണവും വരും നാളിൽ മുന്നണി കൂടുതൽ ചർച്ചയാക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 90 നിയമസഭ മണ്ഡലങ്ങളിലായിരുന്നു എൽ.ഡി.എഫിന് മേധാവിത്വം. തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് ഉയർത്തി തുടർ ഭരണം നേടി. തദ്ദേശ തെരഞ്ഞെടുപ്പിലേത് മുഴുവൻ രാഷ്ട്രീയ വോട്ടല്ലെങ്കിലും ആ നിലയിലുള്ള തുടർ മുന്നേറ്റമാണ് മുന്നണിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

