ആലപ്പുഴയിൽ മേൽക്കൈ നിലനിർത്താൻ എൽ.ഡി.എഫ്
text_fieldsആലപ്പുഴ: ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും എൽ.ഡി.എഫ് ഭരണമാണ്. അത് നിലനിർത്താനുള്ള കടുത്ത പോരാട്ടത്തിലാണ് ഇത്തവണ അവർ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മേൽക്കൈ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. ജില്ലയിൽ ഒരു തദ്ദേശ സ്ഥാപനത്തിൽപോലും ഭരണത്തിലില്ലാത്ത എൻ.ഡി.എ ഇത്തവണ ഒരുഡസൻ സ്ഥലങ്ങളിൽ ഭരണം പിടിക്കുമെന്നാണ് അവകാശപ്പെടുന്നത്.
ജില്ലയിൽ എൽ.ഡി.എഫിന്റെ അടിത്തറയായ എസ്.എൻ.ഡി.പി സമുദായത്തിൽപെട്ടവരുടെ വോട്ടുകൾ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലിയതോതിൽ എൻ.ഡി.എയിലേക്ക് മറിഞ്ഞിരുന്നു. എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ യു.ഡി.എഫിലേക്കും മറിഞ്ഞു. ഇത് തിരിച്ചുപിടിക്കാനായി എന്നാണ് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ അവകാശപ്പെടുന്നത്. പോയ വോട്ടുകൾ കണ്ടെത്തി വീടുവീടാന്തരം കയറിയിറങ്ങി അവരെ മടക്കിക്കൊണ്ടുവന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിലേതിനെക്കാൾ മികച്ച ഫോമിലാണ് യു.ഡി.എഫ്. ഇത്തവണ വിമതശല്യം വളരെ കുറക്കാനായി. ഒാരോ വാർഡിലും വൻതോതിൽ വോട്ടുകൾ ചേർത്തു, അത്യാവശ്യം ഫണ്ട് സ്വരൂപണവും നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഭരണംപിടിക്കുമെന്ന നിലയിലേക്ക് അവർ എത്തിയിട്ടില്ല. മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ എൻ.ഡി.എ ഭരണം ഒഴിവാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് ഭരിക്കുന്നുണ്ട്.
ജില്ലയിൽ 170 ജനപ്രതിനിധികളാണ് എൻ.ഡി.എക്കുള്ളത്. അതിൽനിന്ന് വലിയ വർധന ഉണ്ടാക്കാൻ അവർക്ക് കഴിയും. സ്ത്രീസുരക്ഷ പദ്ധതി, ക്ഷേമ പെൻഷൻ വർധന, പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് അനുകൂല നിലപാടെടുത്ത എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ പ്ലേറ്റ് തിരിച്ച് എൽ.ഡി.എഫിനെ പുകഴ്ത്താൻ തുടങ്ങിയത് എന്നിവ നിമിത്തം എൽ.ഡി.എഫിന് ഇത്തവണയും നേരിയ തോതിലെങ്കിലും മേൽക്കൈ നിലനിർത്താൻ കഴിഞ്ഞേക്കും. നഗരസഭകളിൽ നിലവിലെ മൂന്ന്-മൂന്ന് അനുപാതം യു.ഡി.എഫ് മറികടന്നേക്കാം.
ആലപ്പുഴ ജില്ല
ജില്ല പഞ്ചായത്ത്
ഡിവിഷനുകൾ 24
സ്ഥാനാർഥികൾ 80
ബ്ലോക്ക് പഞ്ചായത്ത് (12)
ഡിവിഷനുകൾ 170
സ്ഥാനാര്‍ഥികള്‍ 515
നഗരസഭകൾ (06)
വാർഡുകൾ 219
സ്ഥാനാര്‍ഥികള്‍ 731
ഗ്രാമപഞ്ചായത്ത് (72)
വാർഡുകൾ 1253
സ്ഥാനാര്‍ഥികള്‍ 4069
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

