എൽ.ഡി.എഫും യു.ഡി.എഫും ലയിച്ച് കോേമ്രഡ് കോൺഗ്രസ് പാർട്ടിക്ക് രൂപംനൽകൂ -നരേന്ദ്ര മോദി
text_fieldsതിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
തിരുവനന്തപുരം: ഇരട്ടകളായ എൽ.ഡി.എഫും യു.ഡി.എഫും അങ്ങനെ നിൽക്കാതെ ലയിക്കണമെന്നും അതിന് കോേമ്രഡ് കോൺഗ്രസ് പാർട്ടി (സി.സി.പി) എന്ന് പേരിടാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുർഭരണം, അക്രമം, അഴിമതി, ജാതി, വർഗീയത, പ്രീണനം എന്നീ കാര്യങ്ങളിലെല്ലാം എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെയാണ്.
ബംഗാളിലെ രാഷ്ട്രീയ ചിത്രം നോക്കിയാൽ എല്ലാം വ്യക്തമാണ്. തെരഞ്ഞെടുപ്പുകൾ കഴിയുന്തോറും സി.പി.എമ്മും കോൺഗ്രസും കൂടുതൽ അടുക്കുന്നു. ബി.ജെ.പിക്കെതിരെ ഇരുവരും ഒരുമിച്ചാണ്. ആ സാഹചര്യത്തിൽ ഇരുകൂട്ടരും രണ്ടായി നിൽക്കാതെ ലയിക്കുന്നതാണ് നല്ലത്. ഇടതിനെ നേരിടാനുള്ള ശേഷി യു.ഡി.എഫിനില്ലെന്ന് കേരളത്തിലെ ജനം തിരിച്ചറിഞ്ഞു. അതിനാലാണ് എൻ.ഡി.എക്ക് ഇത്ര പിന്തുണ വർധിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രങ്ങളെയും വിശ്വാസികളെയും സംരക്ഷിക്കേണ്ടതിന് പകരം ക്ഷേത്രങ്ങൾ തകർക്കാനും വിശ്വാസികളെ തല്ലിച്ചതക്കാനും നേതൃത്വം നൽകുകയായിരുന്നു.
കേരളം ഉൾപ്പെടെ തെക്കേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ എൻ.ഡി.എയുടെ വിശ്വാസം വർധിക്കുന്നു. കേരളത്തിൽ ഭരണത്തിന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുന്നിൽ മികച്ച ആശയങ്ങൾ നടപ്പാക്കാൻ ബി.ജെ.പി മാത്രമേയുള്ളൂ. ഇടതുസർക്കാർ പരാജയമാണ്. കേന്ദ്രം നൽകിയ സഹായം പോലും അവർ കൃത്യമായി വിനിയോഗിച്ചില്ല.
ആരോഗ്യം, പശ്ചാത്തല സൗകര്യവികസനം, ദുരന്തനിവാരണം എന്നീ മേഖലകളിൽ വേണ്ടവിധം പ്രവർത്തിക്കാത്ത സർക്കാറാണിത്. നമ്പി നാരായണനെന്ന പ്രമുഖ ശാസ്ത്രജ്ഞെൻറ ജീവിതം തകർത്തത് കോൺഗ്രസിലെ ഗ്രൂപ് പോരാണ്. മെട്രോമാൻ ഇ. ശ്രീധരനെപ്പോലുള്ള പ്രഫഷനലുകളെ ആദരിക്കുന്ന പ്രസ്ഥാനമാണ് എൻ.ഡി.എയെന്നും മോദി പറഞ്ഞു.
കുമ്മനം രാജശേഖരൻ അധ്യക്ഷതവഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രസംഗം പരിഭാഷപ്പെടുത്തി. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, സി.പി. രാധാകൃഷ്ണൻ, കൃഷ്ണകുമാർ ജി, വിഷ്ണുപുരം ചന്ദ്രശേഖരൻ, വി.വി. രാജേഷ്, അഡ്വ. എസ്. സുരേഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര സഹമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക മുഖ്യമന്ത്രി അശ്വത്നാരായൺ, ഒ. രാജഗോപാൽ എം.എൽ.എ, കെ. രാമൻപിള്ള തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.