‘നീട്ടിപ്പരത്തേണ്ട, പ്രസംഗ ശൈലി മാറണം’; പൊതു യോഗങ്ങളിൽ നേതാക്കളുടെ പ്രസംഗ ശൈലി മാറണമെന്ന് രേഖ
text_fieldsകോഴിക്കോട്: പൊതുയോഗങ്ങളിലെ നേതാക്കളുടെ നീണ്ടുപരന്നതും രാഷ്ട്രീയമൂർച്ചയില്ലാത്തതുമായ പ്രസംഗ ശൈലി വലിയ പോരായ്മയെന്ന് വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച പാർട്ടി രേഖ. പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്ന രീതിയിലും ധാരാളം മാറ്റങ്ങൾ വേണം. ജനങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള പ്രധാന ഉപകരണങ്ങളാണ് പൊതുയോഗങ്ങൾ.
മാധ്യമങ്ങളുമായി സംവദിക്കുമ്പോൾ ചില നേതാക്കൾ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല. പൊതുവേദികളിൽ പറയുന്നതെന്തും റെക്കോഡ് ചെയ്യപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നത് പലപ്പോഴും മറന്നുപോകുന്നു. പ്രവൃത്തികളും വാക്കുകളും പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ഉപയോഗിക്കപ്പെടാനോ തെറ്റായി വ്യാഖ്യാനിക്കപ്പെടാനോ വികൃതമായി അവതരിപ്പിക്കപ്പെടാനോ ഇടയാക്കാം. ചില സന്ദർഭങ്ങളിൽ മുൻനിര സഖാക്കളുടെ ഒഴിവാക്കാമായിരുന്ന ചില പ്രതികരണങ്ങൾ, ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ ആയുധമാക്കിയിരുന്നു.
പാർട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള സഖാക്കളുടെ എണ്ണത്തിൽ കുറവുണ്ടായതും വർഗ-ബഹുജന സംഘടനകൾക്കുള്ളിൽ വേണ്ടത്ര രാഷ്ട്രീയവത്കരണം നടക്കാത്തതും പോരായ്മയാണ്. നിലവിലെ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനും ദൗർബല്യം മറികടക്കാനും തിരുവനന്തപുരത്തെ ഇ.എം.എസ് അക്കാദമിയും എ.കെ.ജി റിസർച്ച് സെന്ററും കേരളത്തിലെ മിക്കവാറും എല്ല ജില്ലകളിലും പ്രവർത്തിക്കുന്ന സമാന സ്ഥാപനങ്ങളും അണികൾക്ക് പരിശീലനം നൽകണം. ഇലക്ട്രോണിക് മാധ്യമ ചർച്ചകൾ ഉൾപ്പെടെ വിവിധ രൂപത്തിലുള്ള ചർച്ചകളിൽ ഫലപ്രദമായി പങ്കെടുക്കാൻ യുവനിരയെ പ്രാപ്തരാക്കണമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
‘വിട്ടുപോയവർക്കല്ല, പാർലമെന്‍ററി വ്യാമോഹം പാർട്ടിയുടെ ഉള്ളിലുള്ളവർക്ക്’
പാർട്ടി വിട്ടുപോയവർക്കാണ് പാർലമെന്‍ററി വ്യാമോഹമെന്ന നേതൃത്വത്തിന്‍റെ വിലയിരുത്തലുകളെയും പാർട്ടി രേഖയിലെ കണ്ടെത്തലുകളെയും തിരുത്തി പൊതുചർച്ചയിൽ പ്രതിനിധികൾ. പാർട്ടി വിട്ടവർക്കല്ല, പാർട്ടിക്കുള്ളിലുള്ളവർക്കും എന്തിനേറെ സംസ്ഥാന നേതൃത്വത്തിനും പാർലമെന്‍ററി വ്യാമോഹമെന്നായിരുന്നു വിമർശനം.
പയ്യന്നൂരിലെ വി.കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലെ ടി.കെ ഗോവിന്ദനും അമ്പലപ്പുഴയിലെ ജി.സുധാകരനും പാർട്ടി വിട്ടത് അധികാരമോഹമാണെന്ന പാർട്ടി രേഖയിൽ പരാമർശമുണ്ടായിരുന്നു. ഇത് തള്ളിയാണ് തളിപ്പറമ്പിനെ കുറിച്ച് പരോക്ഷ സൂചനകൾ നൽകിയുള്ള വിമർശനങ്ങളുയർന്നത്.
രണ്ട് ടേം പൂർത്തിയാക്കിയവർ ഇനി മത്സരിക്കേണ്ടെന്നതായിരുന്നു 2021 ലെ പാർട്ടി ലൈൻ. ഇത് ചിലരെ ബോധപൂർവം ഒഴിവാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ 2026 ലേക്കെത്തിയപ്പോൾ എല്ലാവരും മത്സരിക്കട്ടെയെന്ന് നിലപാടെടുത്തു.
ഈ നിലപാട് ജനസമക്ഷം സംശയമുണ്ടാക്കുകയും പാർട്ടിയിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്ന ധാരണ പരത്തുകയും ചെയ്തു. പാർലമെൻററി വ്യാമോഹത്തിനു വേണ്ടി സംഘടനാ താൽപര്യങ്ങൾ ബലി കൊടുത്തു. പലരും പാർട്ടിയെ ഉപയോഗിക്കുന്നത് സ്വന്തം കാര്യത്തിനാണ്. ചിലർ പാർട്ടിയിലേക്കെത്തുന്നത് പദവിക്കുവേണ്ടിയാണെന്നും വിമർശനമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

