Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിനെ...

സി.പി.എമ്മിനെ താഴെയിറക്കാൻ യു.ഡി.എഫിനെക്കാള്‍ ആഗ്രഹം ഇടതു സഹയാത്രികർക്ക് -വി.ഡി. സതീശൻ

text_fields
bookmark_border
സി.പി.എമ്മിനെ താഴെയിറക്കാൻ യു.ഡി.എഫിനെക്കാള്‍ ആഗ്രഹം ഇടതു സഹയാത്രികർക്ക് -വി.ഡി. സതീശൻ
cancel
camera_altവി.ഡി. സതീശൻ പുതുയുഗ യാത്രയിൽ

മാനന്തവാടി: സി.പി.എമ്മിനെ അധികാരത്തില്‍നിന്ന് താഴെയിറക്കണമെന്ന് യു.ഡി.എഫിനെക്കാള്‍ ആഗ്രഹിക്കുന്നത് ഉത്തമ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ പുറത്തുവരുന്നത് ജനമനസിന്റെ പ്രതിഫലനമാണ്. പിണറായി മൂന്നെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനം തലയില്‍ കൈവെക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫിന്‍റെ പുതുയുഗ യാത്രയുടെ ഭാഗമായി 'സംവദിക്കാം പുതുയുഗത്തിനായ്' എന്ന പരിപാടിക്കു ശേഷം മാനന്തവാടി റസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തെ അതിജീവിച്ചവര്‍ ഇപ്പോഴും ദുരിതത്തിലാണ്. അവരുടെ കൃഷി സ്ഥലങ്ങളിലേക്ക് പോകാന്‍ റോഡുകളോ പാലങ്ങളോ ഇല്ല. അര്‍ഹരായ പലരും സര്‍ക്കാരിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. തുടര്‍ ചികിത്സാ സഹായവും ലഭിക്കുന്നില്ല. കെട്ടിടം നഷ്ടപ്പെട്ടവര്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കിയില്ല. സി.എം.ഡി.ആര്‍.എഫും കേന്ദ്രത്തില്‍ നിന്നുള്ള പണവും ഉള്‍പ്പെടെ സര്‍ക്കാറിന്റെ കയ്യില്‍ 1684 കോടി രൂപയുണ്ട്. സി.എം.ഡി.ആര്‍.എഫിലേക്ക് പണം നല്‍കരുതെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചെന്നാണ് ചിലര്‍ പ്രചരണം നടത്തിയത്. യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെ ഞങ്ങളെല്ലാം പണം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് തെറ്റായ പ്രചരണം നടത്തുകയാണ്.

പാവപ്പെട്ട മനുഷ്യരെ സഹായിക്കാന്‍ എല്ലാവരും കൂടി നല്‍കിയ പണം ഈ സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. എന്തുകൊണ്ടാണ് അര്‍ഹതപ്പെട്ടവരെ സഹായിക്കാന്‍ ഈ പണം ചെലവഴിക്കാത്തത്? വന്യജീവി സംഘര്‍ഷത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനും ഒരു നടപടിയുമില്ല. പണമില്ലാത്തതിനാല്‍ ഒന്നും ചെയ്യാതെ സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍ക്കുകയാണ്. കാര്‍ഷിക മേഖലയെ രക്ഷിക്കാനും സര്‍ക്കാരില്‍ നിന്നും ഒരു സഹായവുമില്ല. ബ്രഹ്‌മഗിരി നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരിച്ച് നല്‍കാനുള്ള ഒരു നടപടിയും സര്‍ക്കാരും തട്ടിപ്പിന് നേതൃത്വം നല്‍കിയ സി.പി.എമ്മും സ്വീകരിക്കാത്തതത് സങ്കടകരമാണ്.

മെഡിക്കല്‍ കോളജിന്റെ അവസ്ഥയും ദയനീയമാണ്. മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളെ ജില്ലാ ആശുപത്രികളിലേക്ക് റിവേഴ്‌സ് റഫറല്‍ നടത്തുകയാണ്. എക്‌സ് റേ യൂണിറ്റ് പോലുമില്ല. ആരോഗ്യരംഗം വെന്റിലേറ്ററിലായെന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കുന്നതാണ് വയനാട് മെഡിക്കല്‍ കോളജിന്റെ അവസ്ഥ. കാര്‍ഷിക ജില്ലയെന്ന നിലയില്‍ വയനാടിനെ സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിര ടൂറിസവും വികസനവുമാണ് വേണ്ടത്. വിവിധ വിഭാഗങ്ങളിലുള്ളവരുമായി സംസാരിച്ചതിനു ശേഷം സമഗ്രമായ വയനാട് ഡോക്യുമെന്റ് യു.ഡി.എഫ് തയാറാക്കും. സമയബന്ധിതമായി വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും പുതുയുഗ യാത്രയുടെ സമാപനത്തിന് മുന്‍പായി ഉണ്ടാകും.

യു.ഡി.എഫ് എന്ന വിശാലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമുമായി ഇടതു സഹയാത്രികരും നല്ല കമ്മ്യൂണിസ്റ്റുകളും സഹകരിക്കും. നല്ല കമ്മ്യൂണിസ്റ്റുകളെ കണ്ടാല്‍ ചിരിക്കണമെന്ന് ഞങ്ങള്‍ യു.ഡി.എഫ് പ്രവര്‍ത്തകരോട് പറഞ്ഞത് അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും എന്നതുകൊണ്ടാണ്. ഇടതുപക്ഷം വന്നാല്‍ കേരളത്തിന് നല്ലതുവരുമെന്ന ശുഭപ്രതീക്ഷയില്‍ നടന്നവരാണ് ഇടതു സഹയാത്രികര്‍. എന്നാല്‍ ഞങ്ങളേക്കാള്‍ സി.പി.എം അധികാരത്തില്‍നിന്ന് താഴെ ഇറക്കങ്ങണമെന്ന് ആഗ്രഹിക്കുന്നത് കുഞ്ഞികൃഷ്ണനെ പോലുള്ള ഉത്തമരായ കമ്മ്യൂണിസ്റ്റുകളും ഇടതു സഹയാത്രികരുമാണ്. കവി സച്ചിദാനന്ദന്‍ അഭിപ്രായം തുറന്നു പറയാന്‍ ധൈര്യം കാട്ടിയിട്ടുള്ള സാംസ്‌കാരിക പ്രവര്‍ത്തകനാണ്. പിണറായി മൂന്ന് ഒരിക്കലും സംഭവിക്കരുതെന്നാണ് സാറ ജോസഫ് പറഞ്ഞത്.

കേരളത്തിലെ ജനങ്ങളുടെ മനസിന്റെ പ്രതിഫലനമാണ് സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ പുറത്ത് വന്നിരിക്കുന്നത്. പിണറായി മൂന്നെന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ തലയില്‍ കൈവെക്കുകയാണ്. മൂന്നാമത് ഒന്നുകൂടി വന്നാല്‍ കേരളത്തില്‍ സ്ഥിതി എന്താകുമെന്ന് സാമാന്യയുക്തിയുള്ള ജനങ്ങള്‍ ആലോചിക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തകരും ഇടത് സഹയാത്രികരായിരുന്നവരും ഭരണത്തുടര്‍ച്ച ഉണ്ടാകരുതെന്നും ഭരണമാറ്റം ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നുണ്ട്. അതിനെ അസഹിഷ്ണുതയോടെയാണ് നോക്കിക്കാണുന്നത്. എന്തെല്ലാം പ്രസ്താവനകളാണ് ആവര്‍ക്കെതിരെ പറഞ്ഞത്. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പിണറായി ഭരണകൂടവും അവരുടെ നയസമീപനങ്ങളുമാണ് വിമര്‍ശിക്കപ്പെടുന്നത്. തീവ്ര വലതുപക്ഷ സമീപനവും രീതികളുമാണ് സാംസ്‌കാരിക പ്രവര്‍ത്തകരെയും ഇടതു സഹയാത്രികരെയും നിരാശരാക്കിയത്.

ടീം യു.ഡി.എഫാണ് ഞങ്ങളുടേത്. പരസ്പര വിശ്വാസം ഇല്ലാതെ എല്‍.ഡി.എഫ് ശിഥിലമായി. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പോലും നല്ല ബന്ധത്തിലല്ല. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടിട്ടാണ് സി.പി.ഐ മന്ത്രിമാര്‍ ഒപ്പിടരുതെന്ന് മന്ത്രിസഭാ യോഗത്തില്‍ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മിണ്ടാതിരുന്നത്. ഈ പരിപാടി കേരളത്തില്‍ ഒരു മുഖ്യമന്ത്രിയും ചെയ്തിട്ടില്ല. ഒപ്പിട്ടു എന്നെങ്കിലും പറയണ്ടേ. സി.പി.ഐ- സി.പി.എം ബന്ധം അതാണ്. കേരള കോണ്‍ഗ്രസും ആര്‍.ജെ.ഡിയുമായും വിഷയങ്ങളാണ്. ടീം യു.ഡി.എഫ് ഉറച്ച് നില്‍ക്കുകയാണ്. അതാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വ്യത്യാസം. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിലേക്ക് ആര് വന്നാലും മാധ്യമങ്ങളെ അറിയിക്കും. ഉചിതമായ സമയത്ത് മാധ്യമങ്ങളോട് പറയും. ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ച വാര്‍ത്തസമ്മേളനത്തില്‍ പറയാനാകില്ല.

വയനാട് ദുരിത ബാധിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനു വേണ്ടി ആദ്യഘട്ടത്തില്‍ മൂന്നര ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. അതിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു സ്ഥലം കൂടി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രജിസ്‌ട്രേഷന്‍ നടന്നാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരു കൊല്ലമെടുത്തു. സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നൂറ് വീട് നിര്‍മ്മിക്കാന്‍ സ്ഥലം തരുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അവസാനഘട്ടത്തില്‍ അതിന് തയാറായില്ല. സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഒരുകൊല്ലം എടുത്തപ്പോള്‍ ഞങ്ങള്‍ നാലുമാസം എടുത്തുള്ളൂ. അതിനാണ് സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നത്.

വയനാട്ടില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ടെന്നും നിയമപരമായ പരിശോധനകള്‍ പലതും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. നൂറ് വീടിന്റെ പണം കര്‍ണാടക സര്‍ക്കാര്‍ കേരളത്തിന് കൈമാറി. അത് മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്. ലീഗിന്റെ 52 വീടുകള്‍ പൂര്‍ത്തിയായി. കോണ്‍ഗ്രസും വീടുകള്‍ നിര്‍മ്മിച്ച് കൈമാറും. മുണ്ടക്കൈ- ചൂരല്‍മല മേഖലയിലെ ജനങ്ങള്‍ക്കു വേണ്ടി പിരിച്ചെടുത്ത പണം ഖജനാവില്‍ ഇട്ടിട്ട് ചികിത്സാ സഹായം പോലും നല്‍കുന്നില്ല. പാലം പോലും പണിയാതെ പാവങ്ങളെ ദ്രോഹിക്കുകയാണ്. ദുരന്തബാധിതരുടെ പട്ടികയുണ്ടാക്കാനുള്ള ശേഷി പോലും ഈ സര്‍ക്കാരിനില്ല. നാലു മന്ത്രിമാര്‍ വന്ന് നാടകം നടത്തിയതല്ലാതെ ഇപ്പോള്‍ ഇങ്ങോട്ട് വരാറു പോലുമില്ല” -വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFVD SatheesanKerala Assembly Election 2026Puthuyuga Yatra
News Summary - VD Satheesan | Puthuyuga Yatra | UDF | LDF | Kerala Assembly Election 2026
Next Story