സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്: ബി.ജെ.പി നേതാക്കളുടെ മൊഴി രേഖപ്പെടുത്തും
text_fieldsതൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് ധരിച്ചെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാർ അടക്കമുള്ളവരുടെ മൊഴി വനം വകുപ്പ് രേഖപ്പെടുത്തും. ഇതിനായി നോട്ടീസ് അയക്കൽ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും.
പരാതിക്കാരനായ യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവും ഐ.എൻ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയും വാടാനപ്പള്ളി സ്വദേശിയുമായ എ.എ. മുഹമ്മദ് ഹാഷിമിന്‍റെ മൊഴി വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഹാഷിമിന്‍റെ മൊഴിയിലും സമർപ്പിച്ച രേഖകളിലും ഉന്നയിച്ച വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ബി.ജെ.പി നേതാക്കളുടെ മൊഴിയെടുക്കുന്നത്.
റാപ്പർ വേടൻ പുലിപ്പല്ലുള്ള മാല ധരിച്ചത് വിവാദമായതിനു പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെ മുഹമ്മദ് ഹാഷിം പരാതി നൽകിയത്. കഴിഞ്ഞ വർഷം ജൂണിൽ കണ്ണൂരിലെ മാമിനിക്കുന്ന് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ സുരേഷ് ഗോപി പുലിപ്പല്ലുള്ള മാല ധരിച്ചിരുന്നുവെന്നും മറ്റൊരു ദിവസം തൃശൂരിൽ നടന്ന പൊതുപരിപാടിയിലും ഇത്തരത്തിൽ പുലിപ്പല്ലോടുകൂടിയ മാല ജനങ്ങൾ കാണുംതരത്തിൽ അണിഞ്ഞിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ മാല അണിഞ്ഞ് സുരേഷ് ഗോപി നിൽക്കുന്ന ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയത്.
1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ഇത്തരം വസ്തുക്കൾ കൈവശം വെക്കുന്നതും പ്രദർശിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. പുലിപ്പല്ലുള്ള ലോക്കറ്റ് ധരിച്ച് സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നേതാക്കളെയാണ് മൊഴിയെടുക്കാൻ വനം വകുപ്പ് വിളിപ്പിച്ചിരിക്കുന്നത്. പട്ടിക്കാട് റേഞ്ച് ഓഫിസർക്കാണ് അന്വേഷണ ചുമതല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.