രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബ: ദേശീയപതാകയെ അപമാനിക്കുന്നതിന് തുല്യമെന്ന് ഗവർണർക്ക് കത്ത്
text_fieldsതിരുവനന്തപുരം: രാജ്ഭവന്റെ ഔദ്യോഗിക ചടങ്ങുകളിൽ രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയപതാകയുമല്ലാതെ, മറ്റൊന്നുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ച് ഗവർണർക്ക് കത്ത് നൽകിയത് മന്ത്രിസഭയുടെ പേരിൽ. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന പേരിലുള്ള സ്ത്രീയുടെ ചിത്രം പ്രദർശിപ്പിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയുടെ ഇടപെടൽ.
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചായിരിക്കണമെന്ന ഭരണഘടന വ്യവസ്ഥയുടെ വെളിച്ചത്തിൽ കൂടിയാണ് കത്ത്. മറ്റേതെങ്കിലും പതാകയോ ചിഹ്നമോ പ്രദർശിപ്പിക്കുന്നത് നമ്മുടെ ദേശീയപതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നല്‍കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 25ന് നടന്ന മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതിനു ശേഷമാണ് സന്ദേശം കൈമാറുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. മന്ത്രിസഭയുടെ പേരിലുള്ള കത്ത് മുഖ്യമന്ത്രിയാണ് ഗവർണർക്ക് കൈമാറിയത്.
സ്വതന്ത്ര ഇന്ത്യയിൽ ദേശീയപതാകയും ദേശീയ ചിഹ്നവും ഉയർന്നുവന്ന പശ്ചാത്തലവും ഇന്ത്യയുടെ ദേശീയപതാക എന്തായിരിക്കണമെന്ന പ്രമേയം സംബന്ധിച്ച് ഭരണഘടന അസംബ്ലിയിൽ നടന്ന ചർച്ചകളും പരാമര്‍ശിച്ചാണ് മന്ത്രിസഭയുടെ കത്ത്. ഭാരതത്തിന്റെ ദേശീയപതാകയെന്തായിരിക്കണമെന്ന് ഭരണഘടന അസംബ്ലിയിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1947 ജൂലൈ 14ന് നടത്തിയ പ്രസംഗവും കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ പാരമ്പര്യത്തെയും ആയിരക്കണക്കിന് വർഷങ്ങളായി വികാസം പ്രാപിച്ച അതിന്റെ വൈവിധ്യത്തെയും സമഗ്രമായി പ്രതിനിധീകരിക്കുന്ന ഒരു പതാകയുടെ ആവശ്യകതയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന അസംബ്ലിയില്‍ ഉയര്‍ന്നുവന്നത്.
സാമുദായികമോ സാമൂഹികമോ ആയ മറ്റൊരു പരിഗണനകളും ഇന്ത്യയുടെ ദേശീയപതാക രൂപകൽപന ചെയ്തപ്പോൾ ഉണ്ടായിരുന്നില്ലെന്ന നെഹ്റുവിന്റെ മറുപടിയും കത്തിലൂടെ ഗവർണറുടെ ശ്രദ്ധയിൽകൊണ്ടുവരുന്നുണ്ട്. സംവാദത്തിൽ സരോജിനി നായിഡു നടത്തിയ സമാപന പ്രസംഗ ഭാഗവും കത്തിലുണ്ട്. ‘പുതിയ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും എഴുന്നേറ്റുനിന്ന് ഈ പതാകയെ വന്ദിക്കുക. രാഷ്ട്രത്തെ പൊതുസ്ഥലങ്ങളിൽ, ഔദ്യോഗികമോ ഔപചാരികമോ ആയ പരിപാടികളില്‍ ഏതെങ്കിലും രൂപത്തിൽ ചിത്രീകരിക്കാന്‍ ദേശീയ പതാകയായ ത്രിവർണ പതാക മാത്രമേ ഉപയോഗിക്കാവൂ’ എന്നും സരോജിനി നായിഡു കൂട്ടിച്ചേർക്കുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.