വന്യജീവി ആക്രമണം ഭയന്നുള്ള ജീവിതം മൗലികാവകാശലംഘനം -ഹൈകോടതി
text_fieldsകൊച്ചി: മലയോര മേഖലയിലുള്ളവർ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കേണ്ടിവരുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈകോടതി. ആറളത്ത് 70 കഴിഞ്ഞ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന ഹൃദയഭേദക വാർത്ത കേട്ടാണ് കഴിഞ്ഞ ദിവസം നാടുണർന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ 555 പേർ കൊല്ലപ്പെട്ടെന്ന രാജ്യസഭയിലെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ആശ്വാസവചനങ്ങളും ധനസഹായവും ആശ്രിതരുടെ നഷ്ടത്തിന് പകരമാകില്ല. വന്യജീവി ആക്രമണം ശാശ്വതമായി തടയാൻ ഫലപ്രദമായ സത്വരനടപടി വേണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് നിർദേശിച്ചു.
പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഫെൻസിങ്ങും ട്രഞ്ചിങ്ങും കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ജനകീയ സമിതി നൽകിയ ഹരജിയും വന്യജീവി ആക്രമണത്തിൽ മരിച്ചയാളുടെ മകൻ കേന്ദ്രസഹായത്തിനായി നൽകിയ ഹരജിയുമാണ് കോടതി പരിഗണിക്കുന്നത്. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് വനാതിർത്തികളിൽ സംരക്ഷണമതിൽ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടു പോയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2022ൽ ജോസഫ് ടാജറ്റ് കേസിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച് ഉത്തരവ് നൽകിയിരുന്നു. കേന്ദ്രസർക്കാറിന്റെ പ്രോജക്ട് എലിഫന്റിന്റെ മാർഗരേഖയുമുണ്ട്. എന്നാൽ, പല നിർദേശങ്ങളുണ്ടായിട്ടും പ്രശ്നം തുടരുകയാണ്. വിഷയത്തിൽ നിഷ്ക്രിയമായി തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹരജികളിൽ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, കേരള ലീഗൽ സർവിസ് അതോറിറ്റി (കെൽസ) മെംബർ സെക്രട്ടറി എന്നിവരെ സ്വമേധയാ കക്ഷിചേർത്തു. കേന്ദ്ര ഗവ. സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിർസത്യവാങ്മൂലം സമർപ്പിക്കണം. മലയോര മേഖലയിൽ കെൽസയുടെ നേതൃത്വത്തിൽ സർവേ നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. കേന്ദ്ര-സംസ്ഥാന നഷ്ടപരിഹാര പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും ഹൈോടതി നിർദേശിച്ചു. ഹരജികൾ മാർച്ച് 24ന് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.