ത്രീ സ്റ്റാർ ഹോട്ടലുകളിലും കള്ള് ലഭ്യമാക്കി മദ്യനയം
text_fieldsഎം.ബി.രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക് കള്ള് വാങ്ങി വില്‍ക്കുന്നതിന് അനുമതി നല്കി സര്‍ക്കാറിന്റെ 2025-26ലെ മദ്യനയം. ഇതുകൂടാതെ കള്ള് ഷാപ്പുകൾ നവീകരിക്കുകയും കുടുംബത്തോടെ വന്ന് നല്ല ഭക്ഷണം കഴിക്കുന്നതിന് സൗകര്യവും ഒരുക്കുമെന്ന് മദ്യനയം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് അവ സ്ഥിതിചെയ്യുന്ന റേഞ്ചിലുള്ള കളള് ഷാപ്പുകളില്‍നിന്ന് കള്ള് വാങ്ങി ടോഡി പാര്‍ലറുകള്‍ നടത്താനാണ് അനുമതി. അതിനായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് അപേക്ഷ നല്‍കണം. റിസോര്‍ട്ടുകള്‍, ഹെറിറ്റേജ് ഹോട്ടലുകള്‍ എന്നിവക്കും ഇത്തരത്തില്‍ ടോഡി പാര്‍ലറുകള്‍ തുടങ്ങാം. വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍ക്കും ടോഡി പാര്‍ലര്‍ നടത്താം. അതിനായി എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവിടെ കള്ള് വിൽപനക്ക് ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ ഫീസ് ഈടാക്കും. ഇതിന്റെ നടത്തിപ്പ് ചുമതല കള്ള് വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘങ്ങളെ ഏൽപിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്നത് ഷാപ്പുകളിലാണെന്നും അതിനാലാണ് അവ നവീകരിച്ച് കുടുംബങ്ങള്‍ക്ക് വന്നിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെയുള്ള കള്ള് ഷാപ്പുകള്‍ക്ക് ബാര്‍ ഹോട്ടലുകളുടെ മാതൃകയില്‍ ക്ലാസിഫിക്കേഷനും ഏര്‍പ്പെടുത്തും. കയറ്റുമതി ചെയ്യാനും കള്ളില്‍നിന്ന് മൂല്യവര്‍ധിത ഉൽപന്നങ്ങള് നിര്‍മിക്കുന്നതിന് ചട്ടഭേദഗതിയും കൊണ്ടുവരും. ഷാപ്പുകളുടെ ദൂരപരിധിയിൽ ഇളവ് നൽകിയില്ല. ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയിൽനിന്നുമുള്ള അകലം 400 മീറ്ററിൽനിന്ന് 150 ആയി കുറയ്ക്കണമെന്നായിരുന്നു ആവശ്യം. തെങ്ങിൽനിന്ന് ഒരു ദിവസം ചെത്തിയെടുക്കുന്ന കള്ളിന്റെ അളവ് പുതുക്കി നിശ്ചയിക്കും. നിലവിൽ രണ്ട് ലിറ്ററാണ്. കേരള ടോഡി എന്ന പേരിൽ നക്ഷത്രഹോട്ടലുകളിൽ കള്ളുചെത്തി വിൽക്കുന്നതിന് അനുമതി തുടരും.
ഡ്രൈഡേകളിൽ മദ്യം
ഡ്രൈഡേകളില്‍ മദ്യം വിളമ്പുന്നതിന് ഏകദിന പെർമിറ്റും അനുവദിക്കും. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ, കൂടിച്ചേരലുകൾ, വിവാഹം എന്നിവയുടെ ഭാഗമായി ത്രീ സ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റിസോർട്ടുകൾ എന്നിവിടങ്ങളില്‍ ഒന്നാംതീയതിയും മദ്യം വിളമ്പാം. ഇതിനായി 50,000 രൂപ നൽകി പ്രത്യേക പെർമിറ്റ് എടുക്കാം. ഏഴുദിവസംമുമ്പ് അപേക്ഷിക്കണം. ഒന്നാംതീയതി ഡ്രൈഡേയിൽ മാത്രമാണ് ഇളവ്. കൂടുതൽ മദ്യനിർമാണ യൂനിറ്റുകൾ തുടങ്ങാൻ നേരത്തെ അനുമതി നല്കിയ വ്യവസ്ഥ പുതിയ മദ്യനയത്തിലും തുടരുമെന്ന് മന്ത്രി പറഞ്ഞു. സ്പിരിറ്റ് നിർമാണ യൂനിറ്റുകൾ, ബ്രൂവറി, ഡിസ്റ്റിലറി എന്നിവ തുടങ്ങാം. വൈൻ നിർമാണ യൂനിറ്റുകൾക്കും തടസ്സമില്ല. ഹോർട്ടി വൈനുകൾ ബെവ്കോ വഴി മാത്രമേ വിൽക്കാവൂ എന്ന വ്യവസ്ഥയിലും ഇളവുണ്ട്. ലക്ഷദ്വീപിലേക്ക് മദ്യം കയറ്റിയയക്കാൻ ബെവ്കോക്ക് അനുമതി നൽകി. കയറ്റുമതി ചെയ്യുന്ന മദ്യത്തിനുള്ള നികുതി കൂട്ടും. ബിവറേജസ് മദ്യക്കുപ്പികളിൽ ക്യു.ആർ കോഡ് നിർബന്ധമാക്കും. വിനോദസഞ്ചാര പ്രോത്സാഹനത്തിന്റെ ഭാഗമായി ആഡംബര കപ്പലുകളിലും മദ്യം വിളമ്പാൻ അനുമതിനൽകും. നെഫർറ്റിറ്റി എന്ന കപ്പലിന് ഇപ്പോൾ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്. വ്യവസായ-ഐ.ടി പാർക്കുകളിൽ മദ്യം വിളമ്പാം.
ആസക്തി കുറക്കൽ മദ്യനയത്തിന്റെ കാതൽ -മന്ത്രി
തിരുവനന്തപുരം: ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്നതാണ് മദ്യനയത്തിന്റെ കാതലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്നതാണ് പ്രധാനം. ഡ്രൈഡേ കാരണം സംസ്ഥാനത്തിന് വലിയ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ട്. മദ്യം കഴിക്കണോ കഴിക്കേണ്ടയോയെന്ന തീരുമാനം നമ്മള് അടിച്ചേൽപിക്കുന്നത് ശരിയല്ല. ലഹരിയില്‍ ഏറ്റവും അപകടകരം മയക്കുമരുന്നും സിന്തറ്റിക് ലഹരികളുമാണ്. അത് ചെറുക്കകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ട കാര്യമെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.