വായ്പ തട്ടിപ്പ്: ഹീര കൺസ്ട്രക്ഷൻസ് എം.ഡി അറസ്റ്റിൽ
text_fieldsകൊച്ചി: വായ്പ തട്ടിപ്പ് കേസിൽ ഹീര ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽറഷീദ് (ഹീര ബാബു) അറസ്റ്റിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നടക്കം കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് രേഖപ്പെടുത്തിയത്.
14 കോടി വായ്പ എടുത്തശേഷം ബാങ്കിനെ വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. എസ്.ബി.ഐക്ക് പുറമെ മറ്റു ചിലരും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ടാണ് വായ്പയെടുത്തത്. നിർമാണം പൂർത്തിയാക്കി ഫ്ലാറ്റുകൾ വിൽപന നടത്തിയെങ്കിലും വായ്പ തിരിച്ചടച്ചില്ല. നേരത്തേ ഹീര ഗ്രൂപ്പിന്റെ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഫ്ലാറ്റുകൾ വിറ്റെങ്കിലും വായ്പ തിരിച്ചടക്കാതിരുന്നതിനെത്തുടർന്ന് സി.ബി.ഐ കേസെടുത്തിരുന്നു. കള്ളപ്പണ ഇടപാട് നടന്നെന്ന നിഗമനത്തിലാണ് ഇ.ഡിയുടെ അന്വേഷണവും അറസ്റ്റും.
തിങ്കളാഴ്ച രാവിലെ ഇ.ഡിയുടെ കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തിയശേഷം ചോദ്യംചെയ്യൽ രാത്രിവരെ നീണ്ടു. പ്രാരംഭ ചോദ്യംചെയ്യലിന് ശേഷം കലൂരിലെ പി.എം.എൽ.എ കോടതി മുമ്പാകെ ഹാജരാക്കിയ അബ്ദുൽ റഷീദിനെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യംചെയ്യലിനായാണ് വെള്ളിയാഴ്ച വരെ കസ്റ്റഡിയിൽ വിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.