ഇനി തദ്ദേശാടനം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ അരയും തലയും മുറുക്കി പാർട്ടികളും മുന്നണികളും ഗോദയിലേക്ക്. ഒരു മാസം കേരളം പ്രാദേശിക ഭരണകൂടങ്ങളെ നിശ്ചയിക്കാനുള്ള വീറുറ്റ രാഷ്ട്രീയ പോരാട്ടത്തിലേക്ക്. രണ്ട് ഘട്ടമായുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിലേക്ക് ഇനി 29 നാൾ മാത്രം അകലം. രണ്ടാം ഘട്ടത്തിലേക്ക് 31 ദിനങ്ങളുടെ ദൂരം.
കേരളം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ആറ് മാസത്തോളം അകലെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്, അതുകൊണ്ട് തന്നെ എൽ.ഡി.എഫിനും യു.ഡി.എഫിനും ‘സെമിഫൈനൽ’ പോരാട്ടമാണ്. തദ്ദേശ പോരാട്ടത്തിൽ വിജയം ഉറപ്പിച്ചാൽ എൽ.ഡി.എഫിന് അത് മൂന്നാം ഭരണത്തിലേക്കുള്ള ഇന്ധനമായി മാറുമെന്നുറപ്പ്. എന്നാൽ, പ്രതാപം വീണ്ടെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ജീവൻമരണ പോരാട്ടത്തിനാണ് യു.ഡി.എഫ് ഇറങ്ങുന്നത്. സംസ്ഥാന ഭരണത്തിൽ തിരിച്ചെത്താൻ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന് അനിവാര്യമാണ്. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലേക്കും സ്ഥാനാർഥി പട്ടിക കോൺഗ്രസ് തയാറാക്കി കഴിഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ സ്ഥാനാർഥി പട്ടിക പുറത്തുവിടുകയും പ്രചാരണ രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന നേതാക്കൾക്ക് ചുമതല നൽകിയാണ് കോർപറേഷനുകളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കം കോൺഗ്രസ് നടത്തുന്നത്. എൽ.ഡി.എഫിൽ സ്ഥാനാർഥി പ്രഖ്യാപനം ആയിട്ടില്ലെങ്കിലും മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾ ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനം നടത്തി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും.
എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ സമ്മാനിച്ച തെരഞ്ഞെടുപ്പായിരുന്നു 2020ലേത്. ക്ഷേമപെൻഷൻ വർധന, സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശികയിലെ ഒരു വിഹിതം അനുവദിക്കൽ, തിരുവനന്തപുരം മെട്രോ റെയിൽ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തിയാണ് എൽ.ഡി.എഫ് ഭരണം പിടിക്കാനൊരുങ്ങുന്നത്. എന്നാൽ, ഭരണവിരുദ്ധ വികാരം, ആരോഗ്യ മേഖലയിൽ ഉൾപ്പെടെ സർക്കാറിനുണ്ടായ വീഴ്ചകൾ, ആർ.എസ്.എസ് -ബി.ജെ.പി രഹസ്യ ബാന്ധവ ആരോപണം എന്നിവ സർക്കാറിനെതിരായ ആയുധങ്ങളാക്കിയാണ് യു.ഡി.എഫ് പ്രചാരണം ചൂടുപിടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

