ബി.ഡി.ജെ.എസ് നിലപാട് വെല്ലുവിളി, ബി.ജെ.പിക്കിത് ‘പെർഫോമൻസ് ഓഡിറ്റ്’
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിലനിൽപിന്റെ പോരാട്ടം. കേന്ദ്ര ഭരണത്തിലൂടെയുള്ള വികസന സാധ്യതകൾ മുന്നോട്ടുവെച്ച് വലിയ നേട്ടം അവകാശപ്പെടുന്ന ബി.ജെ.പി, ഇക്കുറിയും പ്രതീക്ഷക്കൊത്തുയർന്നില്ലെങ്കിൽ അത് പാർട്ടിക്കുള്ളിലടക്കം വലിയ പ്രതിസന്ധി സൃഷ്ടിക്കും. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതുതന്നെ ജയിക്കുന്ന പാർട്ടിയാക്കി കേരള ബി.ജെ.പിയെ മാറ്റാനാണ്. അതിനാൽ, പാർട്ടിയുടെ ‘പെർഫോമൻസ് ഓഡിറ്റ്’ കൂടിയാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയാലേ നിയമസഭയിൽ 30 സീറ്റുവരെ നേടുമെന്ന അവകാശവാദം ആളുകൾ മുഖവിലക്കെടുക്കൂ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്തുപോലും പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാവിഷ്കരിക്കുന്നതിന്റെയും ഒരുക്കങ്ങൾ നടത്തുന്നതിന്റെയും തിരക്കിലായിരുന്നു. വോട്ടുഷെയർ 25 ശതമാനമാക്കാനാണ് ആഭ്യന്തര മന്ത്രി അമിത്ഷാ നേതൃത്വത്തിന് നൽകിയ നിർദേശം. തിരുവനന്തപുരം, തൃശൂർ കോർപറേഷനും 25ഓളം മുനിസിപ്പാലിറ്റിയും നാലിലൊന്ന് ഗ്രാമപഞ്ചായത്തും നേടുകയാണ് പാർട്ടിയുടെ ലക്ഷ്യം. നിലവിൽ പാലക്കാട്, പന്തളം മുനിസിപ്പാലിറ്റിയിലും, 12 ഗ്രാമപഞ്ചായത്തിലുമാണ് ഭരണം. തിരുവനന്തപുരം കോർപറേഷനിൽ പ്രതിപക്ഷവും നിരവധി മുനിസിപ്പാലിറ്റികളിൽ നിർണായക ശക്തിയുമാണ്. നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന വികസനത്തിന് അവസരംതേടി ‘വികസിത കേരളം’ മുദ്രവാക്യമുയർത്തിയാണ് വോട്ട് ചോദിക്കുക. ക്രൈസ്തവ സഭകളുമായുള്ള സാഹോദര്യം വോട്ടാക്കാൻ മധ്യകേരളത്തിലും മലയോര മേഖലകളിലുമടക്കം ആ വിഭാഗത്തിൽ നിന്നുള്ളവരെ കൂടുതലായി രംഗത്തിറക്കും. മുസ്ലിം വിരോധികളെന്ന ആരോപണം മറക്കാൻ മുസ്ലിം ഔട്ട് റീച്ച് പ്രോഗ്രാമിനും പാർട്ടി തുടക്കമിട്ടു. രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അഴിമതിരഹിത ഭരണം ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ചത്തുകിടന്ന എൻ.ഡി.എയിൽ ചെറുഗ്രൂപ്പുകളെയടക്കം ചേർത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുനരുജ്ജീവിപ്പിച്ചെങ്കിലും ബി.ഡി.ജെ.എസ് പലയിടത്തും ഒറ്റക്ക് മത്സരിക്കാനിറങ്ങിയത് വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

