കൈവിട്ട ഇടുക്കി പിടിക്കാൻ യു.ഡി.എഫ്; പിടിമുറുക്കി എൽ.ഡി.ഫ്
text_fieldsതൊടുപുഴ: ഒരിക്കൽ ശക്തി കേന്ദ്രമായിരുന്ന ഇടുക്കി തിരിച്ചുപിടിക്കാനുള്ള അതിശക്തമായ പോരാട്ടത്തിലാണ് യു.ഡി.എഫ്. എന്നാൽ, അതത്ര എളുപ്പമല്ല. നിലവിൽ ജില്ല പഞ്ചായത്തും 52ൽ 30 പഞ്ചായത്തുകളും നാല് ബ്ലോക്കും ഭരിക്കുന്നത് എൽ.ഡി.എഫാണ്. രണ്ട് നഗരസഭകളിലാണ് യു.ഡി.എഫ് ഭരണം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ മാത്രമാണ് യു.ഡി.എഫ് എം.എൽ.എയുള്ളത്.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.എസ് രാജൻ, റോമിയോ സെബാസ്റ്റ്യൻ എന്നിവരെക്കൂടാതെ ജില്ലാ കമ്മിറ്റി അംഗങ്ങളെ വരെ എൽ.ഡി.എഫ് മത്സരത്തിന് അണിനിരത്തിയിട്ടുണ്ട്. അതേസമയം ഡിവിഷനുകളിൽ യു.ഡി.എഫിന് വലിയ വിമതശല്യമാണ് നേരിടേണ്ടി വന്നത്. തീരുമാനമാകാതിരുന്ന അഞ്ചു സീറ്റുകളിൽ കെ.പി.സി.സി ഇടപെട്ടാണ് സ്ഥാനാർഥികളെ കണ്ടെത്തിയത്. അതേസമയം, മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കളെയും യു.ഡി.എഫ് രംഗത്തിറക്കിയിട്ടുണ്ട്.
യു.ഡി.എഫിന്റെ കുത്തകയായിരുന്ന തൊടുപുഴ നഗരസഭയിൽ 2015 മുതൽ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. സ്വതന്ത്രരുടെ പിന്തുണയാണ് ഇവിടെ മുഖ്യം. ഇത്തവണ നഗരസഭ ഭരണം പിടിക്കുമെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നു. ബി.ജെ.പിയും ശക്തി പ്രകടനം നടത്തുന്നുണ്ട്. കട്ടപ്പന നഗരസഭയിൽ നാല് വാർഡുകളിൽ യു.ഡി.എഫിന് വിമതർ തലവേദനയാണ്. മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായ ഇ.എം ആഗസ്തി, യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി എന്നിവരടക്കം മുതിർന്ന നേതാക്കളും മത്സര രംഗത്തുണ്ട്.
കേരള കോൺഗ്രസുകളുടെ പോരാട്ടമാണ് മറ്റൊരു സവിശേഷത. ജില്ലയിൽ ഇരു കൂട്ടരുടെയും ശക്തി തെളിയിക്കൽ കൂടിയാകും തെരഞ്ഞെടുപ്പ്. 40 പഞ്ചായത്തുകളിൽ ഇത്തവണ ഭരണം പിടിക്കുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഇത്തവണ ഭരിക്കുമെന്നും ഭൂരിപക്ഷം പഞ്ചായത്തുകളും ഒപ്പം കൂട്ടുമെന്നും യു.ഡി.എഫും അവകാശപ്പെടുന്നു.
തൊടുപുഴ നഗരസഭയിലും ഇടമലക്കുടി, വട്ടവടയിലുമടക്കം ഭരണം പിടിക്കുമെന്നും നേരത്തേ നടത്തിയതിലും മികച്ച പ്രകടനം ഉണ്ടാകുമെന്നും എൻ.ഡി.എയും അവകാശപ്പെടുന്നു. ഭൂ പ്രശ്നങ്ങളും വന്യമൃഗ ശല്യവും യു.ഡി.എഫ് പ്രചാരണ വിഷയമായി ഉയർത്തിക്കൊണ്ടു വരുമ്പോൾ ഭരണ നേട്ടവും വികസനവും ഉയർത്തിയാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

