തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർപട്ടിക ഇന്ന്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പുതുക്കാനുള്ള കരട് വോട്ടർ പട്ടിക ബുധനാഴ്ചയും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടികയിൽ 1,034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനക്ക് ലഭിക്കും. ആഗസ്റ്റ് ഏഴു വരെ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്സായവർക്ക് പേര് ചേർക്കാം.
പേരു ചേർക്കാനും, അപേക്ഷ, ഉൾക്കുറിപ്പ് തിരുത്താനും, സ്ഥാനമാറ്റം വരുത്താനും കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപം ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കണം.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.