കാപ്പ കേസ് പ്രതിയായ ബി.ജെ.പി കൗൺസിലർക്ക് അവധി: തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ സസ്പെൻഷന് സ്റ്റേയില്ല
text_fieldsതിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അവധി അപേക്ഷ അനുവദിച്ചതിൽ വീഴ്ചവരുത്തിയതിന് അച്ചടക്ക നടപടിക്ക് വിധേയയായ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ സസ്പെൻഷന് സ്റ്റേയില്ല. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാൻ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) വിസമ്മതിച്ചു. വിശദമായ മറുപടി സമർപ്പിക്കാൻ സർക്കാർ സാവകാശം ചോദിക്കുകയും ട്രൈബ്യൂണൽ ഇത് അംഗീകരിക്കുകയും ചെയ്തു. കേസ് അടുത്തമാസം വീണ്ടും പരിഗണിക്കും.
സുഗതന്‍റെ അവധി അപേക്ഷയിൽ ചിത്രക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിലാണ് അവരെ സർക്കാർ സസ്പെൻഡ് ചെയ്തത്. മേയർ വി.വി. രാജേഷിനാണ് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി കത്ത് നൽകിയത്. കാപ്പ പ്രതി കത്ത് നൽകിയ കാര്യം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. 13നാണ് കത്ത് ആഭ്യന്തര വകുപ്പ് തദ്ദേശവകുപ്പിന് കൈമാറിയത്. തദ്ദേശ വകുപ്പിലെ അസിസ്റ്റന്‍റ് കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടെന്ന് എഴുതി. അണ്ടർ സെക്രട്ടറി വഴി ഫയൽ വകുപ്പ് സെക്രട്ടറി കണ്ടു. സെക്രട്ടറിയും മന്ത്രി കെ.എം. ഷാജിയും അനുമതി നിഷേധിച്ചു.
ഇത് മറികടന്ന് കെ.എ.എസ് ഉദ്യോഗസ്ഥ ഡോ. ചിത്ര അരുണിമ അപേക്ഷ വോട്ടിനിടാനുള്ള ശിപാർശ ആഭ്യന്തരവകുപ്പിന് നൽകുകയായിരുന്നു. 20ന് ലഭിച്ച കുറിപ്പ് അതുപോലെ പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയും ചെയ്തു. തുടർന്നാണ് കത്ത് മേയർ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുകയും വോട്ടിനിട്ട് ജയിലിൽ കഴിയുന്ന സുഗതന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ അവധി അനുവദിക്കുകയും ചെയ്തത്. ഇതേതുടർന്നാണ് ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി, തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണവും ചിത്രയുടെ സസ്പെൻഷനുമുണ്ടായത്. ഇത് ചോദ്യം ചെയ്താണ് ചിത്ര കെ.എ.ടിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

