നെല്ലെടുക്കാതെ മില്ലുകാര്‍; ആശങ്കയിൽ കർഷകർ
text_fieldsപുന്നപ്ര വെട്ടിക്കരി പാടശേഖരത്ത് കെട്ടികിടക്കുന്ന നെല്ല്
അമ്പലപ്പുഴ: പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ കൊയ്ത്തു കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ലെടുക്കാൻ ആളില്ല. 20 ലക്ഷത്തിൽപ്പരം രൂപയുടെ നെല്ലാണ് കെട്ടിക്കിടക്കുന്നത്. ഇതോടെ കർഷകർ ആശങ്കയിലാണ്. 480 ഏക്കറുള്ള ഈ പാടശേഖരത്ത് 235 കർഷകരാണുള്ളത്. ഏതാനും ദിവസം മുമ്പ് ഇവിടെ കൊയ്ത്ത് പൂർത്തിയാക്കി. ഒരേക്കർ കൊയ്യുന്നതിന് 2100 രൂപ നിരക്കിൽ യന്ത്രമുപയോഗിച്ചാണ് കൊയ്തത്. ഈ നെല്ലെല്ലാം പാടശേഖരത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടി.
ഒരേക്കറിൽനിന്ന് ഒന്നര ക്വിന്റല്‍ വീതം നെല്ല് ലഭിച്ചു. ഈ പാടശേഖരത്തെ നെല്ലെടുക്കാൻ സിവിൽ സൈപ്ലസ് മൂന്ന് മില്ലുകളെയാണ് ചുമതലപ്പെടുത്തിയത്. ഇതിൽ ഒരു മില്ല് തുടക്കത്തിൽത്തന്നെ സംഭരണത്തിൽ നിന്ന് പിൻമാറി. മറ്റ് രണ്ട് മില്ലുകാരിൽ ഒരു മില്ലിന്റെ ഏജൻറ് ഇവിടെയെത്തി നെല്ല് നോക്കിയ ശേഷം മടങ്ങിപ്പോയി. എന്നാൽ, സംഭരണത്തിൽ ഇതുവരെതീരുമാനവുമായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. 700 ഓളം ക്വിൻറൽ നെല്ലാണ് മഴ ഭീഷണിയിൽ പാടശേഖരത്ത് വിവിധയിടങ്ങളിലായി കൂട്ടിയിരിക്കുന്നത്.
ഒട്ടും ഈർപ്പമില്ലാത്ത നെല്ല് മഴയിൽ നനയിച്ച് ഈർപ്പത്തിന്റെ പേരിൽ കിഴിവ് കൂടുതൽ ആവശ്യപ്പെടാനുള്ള ഏജൻറുമാരുടെ തന്ത്രങ്ങളുടെ ഭാഗമായാണ് സംഭരണം വൈകിക്കുന്നതെന്നാണ് ആക്ഷേപം. വേനൽ മഴ ഇടക്കിടെ ശക്തമാകുന്നതിനാൽ കൊയ്ത നെല്ലെല്ലാം മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.