ഇടവേളക്കുശേഷം ഹാർബർ സജീവം; വലനിറയെ കണവയും മത്തിയും
text_fieldsതോട്ടപ്പള്ളി ഹാര്‍ബറില്‍ മത്തിയും കണവയും ലേലം ചെയ്യുന്ന ഇടനിലക്കാരന്
അമ്പലപ്പുഴ: ട്രോളിങ് നിരോധനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ബോട്ടുകൾക്ക് വലനിറയെ നെയ്മത്തിയും കണവയും. ഏറെ നാളായി കാണാന്‍പോലും ഇല്ലാതിരുന്ന കണവയും നെയ്മത്തിയും ഹാര്‍ബറില്‍ എത്തിയതോടെ കച്ചവടക്കാര്‍ ആവേശത്തോടെയാണ് ലേലം ചെയ്തെടുത്തത്. മത്തിക്ക് ഹാര്‍ബറില്‍ കിലോക്ക് 200 മുതല്‍ 300വരെ വിലവന്നു. കണവക്ക് കിലോ 550 രൂപയായിരുന്നു വില. ട്രോളിങിന് ശേഷം കാലാവസ്ഥ മുന്നറിയിപ്പ് കാരണം ബോട്ടുകളും വള്ളങ്ങളും കഴിഞ്ഞ ദിവസങ്ങളിലാണ് കടലില്‍ ഇറക്കിയത്.
ബോട്ടുകള്‍ പലതും ശനിയാഴ്ചയോടെയാണ് തീരത്തണഞ്ഞത്. നെയ്മത്തിക്കും കണവക്കും വിദേശമാര്ക്കറ്റുകളിലാണ് പ്രിയം ഏറെയും. അതുകൊണ്ടുതന്നെ സമുദ്രോൽപന്ന കയറ്റുമതി വ്യവസായ സ്ഥാപനങ്ങളിലേക്കാണ് അധികവും പോയത്. ശനിയാഴ്ച മത്തിയും കണവയും എത്തിയതോടെ പ്രതീക്ഷയുടെ കനല് തിളക്കമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍. ട്രോളിങ് നിരോധത്തിനുശേഷം പുറംകടലിലായായിരുന്ന പല ബോട്ടുകളും ഒരാഴ്ച അധ്വാനത്തിനുശേഷമാണ് തോട്ടപ്പള്ളി ഹാർബറിൽ തീരമണിഞ്ഞത്.
കണവ ഏകദേശം അരകിലോ വരുന്നവയായിരുന്നു. കേരള തീരത്ത് നിന്ന് പിടിക്കുന്ന കണവക്ക് വിദേശ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ചെമ്മീനിന് കോവിഡ് കാലത്ത് അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി നിലച്ചതോടെ പല ചെമ്മീൻ വ്യവസായികളും സ്ഥാപനം പൂട്ടി. അപ്പോഴും കണവക്ക് ആവശ്യക്കാർ ഏറെയായിരുന്നു. ട്രോളിങ് കഴിഞ്ഞെങ്കിലും ഇത്തവണ ചെമ്മീന്‍ സുലഭമല്ല. ബോട്ടുകള്‍ കടലിലിറക്കുമ്പോഴാണ് ചെമ്മീന്‍ പീലിങ് ഷെഡുകള്‍ ഉണരുന്നത്. കണവ, കരിക്കാടി, പൂവാലന്, നാരന്‍ ചെമ്മീനുകള്‍ കിട്ടുന്നത് അധികവും ബോട്ടുകളിലാണ്.
അമ്പലപ്പുഴയില്‍ മാത്രം നൂറുകണക്കിന് ചെമ്മീന്‍ പീലിങ് ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളാണ് പീലിങ് ഷെഡുകളെ ആശ്രയിച്ച് കഴിയുന്നത്. ചെമ്മീനും കണവയും കിട്ടാതെ വന്നതോടെ പീലിങ് മേഖലയില്‍ തൊഴിലെടുത്തവരില് അധികവും തൊഴിലുറപ്പിലേക്ക് തിരിഞ്ഞു. ഇതോടെ ചെറുകിട ചെമ്മീന്‍ വ്യവസായശാലകള്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അന്യംനിന്നുവെന്ന് കരുതിയ കണവയുടെ വരവ് വ്യവസായമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തിരിതെളിയിക്കുമെന്ന പ്രതീക്ഷയിലാണ്. നീണ്ട ഇടവേളക്കുശേഷം തോട്ടപ്പള്ളി ഹാർബറിൽ ആളും അനക്കവും വെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.