മെഡിക്കല്‍ കോളജ് ആശുപത്രിയെ വീര്‍പ്പുമുട്ടിച്ച് ദേശീയപാത വികസനം
text_fieldsഅമ്പലപ്പുഴ: ദീര്‍ഘ വീക്ഷണമില്ലാതെ നടത്തുന്ന ദേശിയപാത ആറുവരിപ്പാത നിര്‍മാണത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയും വീര്‍പ്പുമുട്ടും. ആശുപത്രിയുടെ പ്രധാന കവാടത്തിലെ അടിപ്പാതയാണ് പ്രധാന വിഷയം. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കും രണ്ട് പ്രധാന കവാടങ്ങളാണുള്ളത്. എന്നാല്‍ ആലപ്പുഴക്ക് ഒരു പ്രധാന കവാടം മാത്രമാണുള്ളത്. ഇതുവഴി വേണം രോഗികള്‍ക്കും ആംബുലന്‍സിനും കെ.എസ്.ആര്.ടി.സി ബസിനും കൂടാതെ ആശുപത്രിയുടെ നിര്‍മാണ സാമഗ്രികളുമായെത്തുന്ന വാഹനങ്ങള്‍ക്കും കയറി ഇറങ്ങാൻ.
ആശുപത്രി ആവശ്യങ്ങള്‍ക്കായെത്തുന്ന ഗ്യാസ് കണ്ടയ്നറുകള്‍ ഉപയോഗിക്കേണ്ടതും ഈ കവാടം തന്നെ. എന്നാൽ പ്രധാന കവാടത്തില്‍ അടിപ്പാത നിര്‍മിക്കുന്നത് 12 മീറ്ററിലാണ്. പ്രധാന കവാടത്തിന്റെ നീളമാണ് അടിപ്പാതക്കായി പരിഗണിച്ചിട്ടുള്ളത്. തുടക്കത്തില്‍ രൂപരേഖയില്‍ ഇവിടെ അടിപ്പാത ഉണ്ടായിരുന്നില്ല. എച്ച്. സലാം എം.എല്‍.എയുടെ ഇടപെടലിലാണ് അടിപ്പാത നിര്‍മിക്കാൻ തീരുമാനം എടുത്തതു തന്നെ.
സംസ്ഥാനത്തെ ദേശിയപാതക്കരുകിലെ ഏക മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ആലപ്പുഴ വണ്ടാനത്ത് പ്രവര്‍ത്തിക്കുന്നത്. സൂപ്പര്‍ സ്പെഷാലിറ്റിയില്‍ ചികിത്സ തേടിയെത്തുന്നവരുള്പ്പെടെ ആയിരക്കണക്കിന് രോഗികളാണ് സാധാരണയായി ആശുപത്രിയില്‍ എത്തുന്നത്. ജില്ലയിലെ പ്രധാന ജങ്ഷനില്‍ പോലും ഒരു പ്രാധാന്യം നല്കാതെയുള്ള രൂപരേഖ പ്രകാരമാണ് ദേശിയപാത നിര്‍മാണം നടത്തുന്നത്. വണ്ടാനം മെഡിക്കല്‍ കോളജിന് പിന്നിലാണ് ദന്തല്‍ കോളജ്, നെഴ്സിങ് കോളജ് എന്നിവ പ്രവര്‍ത്തിക്കുന്നത്. ഇവിടെയും അടിപ്പാതയില്ല.
കുറവന്‍തോടാണ് അടിപ്പാതയുള്ളത്. കൂടാതെ കുട്ടനാടുമായി ബന്ധപ്പെടുന്ന പ്രധാന ജങ്ഷനായ എസ്.എന്‍ കവലയിലും അടിപ്പാതയൊ മറ്റ് സംവിധാനങ്ങളൊ ഇല്ല. കുറവന്തോട് അടിപ്പാത കഴിഞ്ഞാല്‍ പിന്നീടുള്ളത് ആശുപത്രിയുടെ പ്രധാന കവാടത്തിലാണ്. അടിപ്പാതക്ക് പകരം കുറവന്തോട് മുതല്‍ മേല്‍പ്പാലം നിര്‍മിച്ച് കാക്കാഴം റെയില്‍വ്വേ മേല്‍പ്പാലവുമായി ബന്ധിപ്പിച്ചാല്‍ യാത്രാക്ലേശം പരിഹരിക്കാം.
ആശുപത്രിയുടെ പ്രധാന കവാടമായ പള്ളിമുക്കില്‍ ഗതാഗത തടസം നേരിടേണ്ടിവന്നാല്‍ അത്യാസന്ന രോഗികളെ എത്തിക്കാനുള്ള മറ്റൊരുമാര്‍ഗം സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടത്തിന് കിഴക്ക് ഭാഗത്തെ ഗേറ്റാണ്. മേല്പ്പാലമാക്കിയാല് അത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. നിലവില്‍ കുറവന്തോട് ജങ്ഷനില്‍ മാത്രമാണ് അടിപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്.ആറുവരിപ്പാതയുടെ രൂപരേഖ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങിയതിനാല്‍ പദ്ധതിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആശുപത്രി കേന്ദ്രീകരിച്ച് കലക്ടർ ചെയർമാനായ ആശുപത്രി വികസന സമിതിയും ജനകിയ വേദിയുമൊക്കെ ഉണ്ടെങ്കിലും അവരാരും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.