മെഡിക്കൽ വിദ്യാർഥികളുടെ വേർപാടിന് ഒരാണ്ട്; ഓർമയിൽ വിതുമ്പി കാമ്പസ്
text_fieldsഅമ്പലപ്പുഴ: നാടിനെ നടുക്കിയ ദാരുണാന്ത്യത്തിൽ തങ്ങളെ വിട്ടുപോയ സഹപാഠികളുടെ വിങ്ങുന്ന ഓർമകളും തോരാത്ത കണ്ണീരുമായി ഛായാചിത്രങ്ങൾക്ക് മുന്നിൽ അവർ സ്മരണാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ മുഹമ്മദ് ഇബ്രാഹിം, ആയുഷ് ഷാജി, മുഹമ്മദ് അബ്ദുൾ ജബ്ബാർ, ബി. ദേവനന്ദൻ, ശ്രീദീപ് വൽസൻ, ആൽവിൻ ജോർജ് എന്നിവർ നാടിനോട് വിടചൊല്ലിയെങ്കിലും കാമ്പസിൽ എന്നും അവർ ഓർമയിലുണ്ടാകും.
കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി ജങ്ഷനിൽ നടന്ന വാഹനാപടത്തെ തുടർന്ന് ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളായ ഇവരുടെ ദാരുണാന്ത്യം. കൂട്ടുകാരുടെ ഓർമ നിലനിർത്താൻ മെഡിക്കൽ കോളജ് സെൻട്രൽ ലൈബ്രറി ഹാളിൽ അവരുടെ ഛായചിത്രം പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ അനാച്ഛാദനം ചെയ്തു.
അതോടൊപ്പം 1968ൽ നെഹ്റു ട്രോഫി വള്ളംകളി കാണാൻ പോയി പുന്നമട കായലിൽ ബോട്ടപകടത്തിൽ മരിച്ച അന്നത്തെ മെഡിക്കൽ വിദ്യാർഥികളായ സി.ജെ. ഡേവിഡ്, ജി. ബാബുരാജ് എന്നിവരുടെ ചിത്രങ്ങളും ലൈബ്രറിയിൽ സ്ഥാപിച്ചു. പാലക്കാട് സ്വദേശിയായ ശ്രീദീപ് വൽസന്‍റെ സ്മരണർഥം കുടുംബാംഗങ്ങൾ 128 ബാച്ചിലെ ഒന്നാം വർഷ പരീക്ഷയിൽ അനാട്ടമി, ബയോകെമസ്ട്രി വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹന്ന സാജനും ഫിസിയോളജി വിഷയത്തിൽ കൂടുതൽ മാർക്ക് നേടിയ എം.എം. അഞ്ജനക്കും മെമന്‍റോയും കാഷ് അവാർഡും വിതരണം ചെയ്തു. സഹപാഠികളും അധ്യപക-അനധ്യാപകർ, പി.ടി.എ ഭാരവാഹികൾ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
അതോടൊപ്പം കുട്ടികളുടെ സ്മരണ നിലനിർത്താൻ ടി.ഡി.എം.സി വൃന്ദാവൻ എന്ന പുതിയ ഉദ്യാനത്തിൽ ആറ് പ്ലാവിൻ തൈകൾ നട്ടു. 1000 ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള ഉദ്യാനവും പുനർജനിച്ചു. പി.ടി.എ പ്രസിഡന്‍റ് സി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഷാജി വാണിയപുരയ്ക്കൽ, യൂനിയൻ ചെയർപേഴ്സൻ സാൻ മരിയ ബേബി, പി.ടി.എ അംഗങ്ങളായ പുഷ്പരാജൻ, ഹാരിസ്, കെ.പി. സലീൽകുമാർ, ബി. സുനിൽ, 128 ബാച്ച് പ്രതിനിധികളായ ജെസിൽ, അലീന റെയ്ച്ചൽ, ജിത്ത് മോൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

