വെള്ളത്തിന് ഉപ്പുരസം കൂടുന്നു; പുഞ്ചകൃഷിക്ക് വില്ലനായി ഓരുവെള്ളം
text_fieldsഅമ്പലപ്പുഴ: പുഞ്ചകൃഷിയിറക്കിയ കർഷകർ നാമ്പിട്ട പ്രതീക്ഷകൾ ഓരുവെള്ളത്തിൽ കരിയുമെന്ന ആശങ്കയിൽ. കുട്ടനാട്, അപ്പർകുട്ടനാട്, കരിനിലങ്ങളിലെ പതിനായിരത്തിൽപരം ഏക്കറിലെ നെൽകൃഷിയാണ് ഓരുവെള്ളത്തിന്റെ ഭീഷണിയിലായത്.
നെൽച്ചെടികൾക്ക് ഒന്നര ശതമാനത്തിൽ കൂടുതൽ ഉപ്പുരസമുള്ള വെള്ളം പാടില്ല. അത് വിളവിനെ മാത്രമല്ല ചെടികൾ നശിക്കാനും ഇടയാക്കും. എന്നാൽ, നിലവിൽ പലയിടങ്ങളിലും വെള്ളത്തിന് ആറ് ശതമാനം വരെ ഉപ്പുരസമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി ഈ വെള്ളമാണ് കാർഷിക മേഖലയിൽ ഉപയോഗിക്കുന്നതെങ്കിൽ കൃഷി നശിക്കും.
വിതകഴിഞ്ഞ് 20 മുതൽ 50 ദിവസം പ്രായമായ നെൽച്ചെടികളാണ് പലപാടശേഖരങ്ങളിലുമുള്ളത്. പുഞ്ചക്ക് പുറംവെള്ളമാണ് വേണ്ടത്. വിത മുതൽ വിളവെടുപ്പുവരെ പുറംവെള്ളത്തെ വേണം ആശ്രയിക്കാൻ. വിത കഴിഞ്ഞ് 20 ദിവസം കഴിഞ്ഞാൽ ആദ്യ വളം നൽകും. തൊട്ടടുത്ത ദിവസങ്ങളിൽ വെള്ളം കയറ്റി വയൽ നിറച്ചിടണം. നാലുദിവസം കഴിഞ്ഞാണ് വെള്ളം ഒഴുക്കിവിടുന്നത്. വിളവെടുക്കുന്നതിന് 20 ദിവസം മുമ്പ് വരെ വയലിൽ വെള്ളം കയറ്റിയിറക്ക് തുടരും.
തണ്ണീർമുക്കം, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, കായംകുളം ഷട്ടറുകൾ കൃത്യമായി പ്രവർത്തിക്കാത്തതാണ് കാർഷിക മേഖല ഓരുവെള്ളത്തിന്റെ ഭീഷണിയിലായിരിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം. ഇതിന് അടിയന്തര പരിഹാരം കാണെണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഡാമുകൾ തുറന്ന് കുട്ടനാടൻ കായലുകളിലെയും ജലാശയങ്ങളിലെയും ഓരുവെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കൂടാതെ തണ്ണീർമുക്കം, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, കായംകുളം ഷട്ടറുകളിൽനിന്നും ഓരുവെള്ളം കയറാതിരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്താലേ നെൽകൃഷി നിലനിർത്താൻ കഴിയുകയുള്ളൂ. ഈ ആവശ്യം ഉന്നയിച്ച് കർഷകർ കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന് നിവേദനം നൽകിയിരുന്നു. പുന്നപ്ര വടക്ക്-തെക്ക് പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
വടക്ക്-തെക്ക് കൃഷിഭവനുകളുടെ പരിധിയിൽ 2500 ഏക്കറോളം പാടശഖരങ്ങൾ ഓരുവെള്ള ഭീഷണിയിലാണെന്ന് രാജ്കുമാർ മംഗലത്ത് പരാതിയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വെള്ളത്തിന് ആറ് ശതമാനം ഉപ്പുരസമുള്ളതായും കണ്ടെത്തി. വിവിധ ഷട്ടറുകൾ അടക്കുന്നതോടൊപ്പം ഡാമുകൾ തുറന്ന് ഉപ്പുവെള്ളത്തിന്റെ കാഠിന്യം കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.