നെല്ല് സംഭരണം; വഴങ്ങാതെ മില്ലുകാർ; ആധിയോടെ കർഷകർ
text_fieldsഅമ്പലപ്പുഴ: പുതിയ സീസണിലെ നെല്ല് വിളവെടുപ്പ് തുടങ്ങിയിട്ടും സംഭരണത്തിൽ തീരുമാനമായില്ല. 4.62 ശതമാനം നെല്ല് കൊയ്ത്ത്കഴിഞ്ഞു. അതിൽ സംഭരിച്ചത് 312. 876 മെട്രിക് ടൺ മാത്രമാണ്. ബാക്കി നെല്ല് പാടത്ത് തന്നെ കിടക്കുന്നു. ഒരു മില്ല് മാത്രമാണ് നെല്ല് സംഭരണത്തിന് തയാറായി വന്നിട്ടുള്ളത്. തുലാവർഷം കനത്തതോടെ കർഷകർ അങ്കലാപ്പിലാണ്.
കൊയ്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുന്നു. മഴ ശക്തമായതിനാൽ നെല്ലിൽ ഈർപ്പം കൂടും. ഇത് മില്ലുകാർക്ക് കൂടുതൽ കിഴിവ് ചോദിക്കാൻ അവസരമാണ്. നെല്ലു സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിമാരായ കെ.എൻ. ബാലഗോപാലിനെയും ജി.ആർ. അനിലിനെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇവർ 18നു മില്ലുടമകളുമായി ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമായില്ല.
സംഭരിക്കുന്ന നെല്ല് അരിയാക്കി നൽകുന്നതിലുള്ള അനുപാതമാണ് തർക്കവിഷയം. 100 കിലോ നെല്ലു സംഭരിച്ചാൽ 68 കിലോ അരി സപ്ലൈകോക്കു നൽകണമെന്നാണു മാനദണ്ഡം. കേരളത്തിലെ സാഹചര്യത്തിൽ 64.5 കിലോ അരി മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണു മില്ലുകളുടെ നിലപാട്. ഈ സീസണിലെ സംഭരണത്തിനു മില്ലുകൾ ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ ഒപ്പിട്ട ഒരു മിൽ മാത്രമാണു നിലവിൽ സംഭരിക്കുന്നത്. അവരുടെ കരാർ കാലാവധി ഉടൻ അവസാനിക്കും.
വടക്കൻ ജില്ലകളിൽ 70-80 ശതമാനം കൊയ്ത്തു പൂർത്തിയായിട്ടും ഇതുവരെ നെല്ലെടുപ്പ് ആരംഭിച്ചിട്ടില്ല. ജില്ലയിൽ പുന്നപ്ര, കരുവാറ്റ എന്നിവിടങ്ങളിലാണ് കൊയ്ത്ത് തുടങ്ങിയത്. അടുത്ത ആഴ്ചയോടെ വ്യാപകമായി കൊയ്ത്തു തുടങ്ങും. 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി സപ്ലൈകോക്ക് നൽകണമെന്ന കടമ്പ മറികടക്കാനാണ് മില്ലുകാർ കർഷകരോട് തൂക്കത്തിൽ കൂടുതൽ കിഴിവ് ചോദിക്കുന്നത്.
100ന് 10കിലോ കിഴിവാണ് മില്ലുകാർ ആവശ്യപ്പെടുന്നത്. ഏക്കറിന് 30,000 രൂപ ചിലവഴിച്ചാണ് കർഷകർ രണ്ടാം കൃഷി ഇറക്കിയത്. പലിശക്കെടുത്തും സ്വർണം പണയം വെച്ചുമാണ് പലരും കൃഷിക്ക് പണം കണ്ടെത്തിയത്.
നിലവിൽ ഒരു മില്ല് മാത്രമെ നെല്ലെടുക്കാനുള്ളൂ എന്നതിനാൽ അവർ പരമാവധി വിലപേശുകയാണ്. 100 കിലോ നെല്ലിന് 68 കിലോ അരിയെന്നതാണ് കേന്ദ്ര മാനദണ്ഡം. കേരളത്തിലെ സാഹചര്യത്തിൽ 64.5 കിലോഗ്രാം അരി മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണു മില്ലുകളുടെ നിലപാട്. സർക്കാർ തലത്തിൽ നടത്തിയ പരിശോധനയിലും 68 കിലോ അരി ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

