കടൽക്ഷോഭവും കാറ്റും; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലിൽ പോകാനായില്ല
text_fieldsമീനുമായെത്തുമെന്ന പ്രതീക്ഷയില്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ അടുക്കിയ കൊട്ടകളുമായി കാത്തിരിക്കുന്ന മത്സ്യത്തൊഴിലാളികൾ
അമ്പലപ്പുഴ: ട്രോളിങ് നിരോധനകാലത്തെ പ്രതീക്ഷയും കാത്തിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരാശമാത്രം ബാക്കി. മത്സ്യക്കൊയ്ത്തിനായി വള്ളവും വലയും പുതിക്കിപ്പണിത് ലക്ഷങ്ങൾ ചെലവഴിച്ച പലരും കടക്കെണിയിലും നിത്യവൃത്തിക്ക് വകയില്ലാതെ ദരിദ്ര്യത്തിലുമായി. ട്രോളിങ് നിരോധനസമയത്ത് മത്സ്യബന്ധനത്തിന് വള്ളങ്ങളുമായി ഇറങ്ങിയവർക്ക് നിരാശരായി മടങ്ങേണ്ടിവന്നു.
ജൂണ്‍ ഒമ്പതു മുതല്‍ 52 ദിവസമാണ് സംസ്ഥാന തീരങ്ങളില്‍ ട്രോളിങ് നിരോധനം. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബോട്ടുകള്‍ കടലിലിറങ്ങും. ബോട്ടുകളിലെ മത്സ്യബന്ധനത്തിനുള്ള തയാറെടുപ്പുകള്‍ ദിവസങ്ങള്‍ക്ക് മുമ്പെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ട്രോളിങ് നിരോധനസമയത്തെ ശക്തമായ കടൽക്ഷോഭവും കാറ്റും മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലിൽ പോകാനായില്ല.
സാധാരണയായി ഈ സമയങ്ങളിൽ പുന്നപ്ര മുതൽ കളർകോട് വരെ തീരങ്ങൾ ശാന്തമായി ചാകരത്തെളിവ് കാണാറുള്ളതാണ്. ചാകരക്കോളിൽ ഈ തീരങ്ങൾ ഉത്സവത്തിമിർപ്പിനായി കാത്തിരിക്കുമ്പോഴാണ് കൂറ്റൻ തിരമാലകൾ ഇവരുടെ പ്രതീക്ഷകൾ കവർന്നത്. കടല്‍ ശാന്തമായ ദിവസങ്ങളില്‍ പലരും കടലില്‍ പോയെങ്കിലും ചെലവിനുള്ളതുപോലും കിട്ടിയില്ല. ചില വള്ളങ്ങളില്‍ മാത്രമാണ് വല്ലപ്പോഴും മീന്‍ കിട്ടിയത്. ചാളവള്ളങ്ങളില് പോയവരില്‍ ചിലർക്ക് രണ്ടുലക്ഷം വരെ കിട്ടിയിരുന്നു. ട്രോളിങ് കാല മത്സ്യബന്ധനത്തിൽ നഷ്ടക്കണക്കാണ് തൊഴിലാളികൾ നിരത്തുന്നത്.
തോട്ടപ്പള്ളി മുതൽ കളർകോടു വരെ 500 വള്ളങ്ങളാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉള്ളത്. കൂടാതെ ആയിരത്തിലേറെ നീട്ടുവലക്കാരുമുണ്ട്. ഒരുതവണ കടലില്‍ പോയി മടങ്ങുമ്പോള്‍ ഇന്ധനത്തിനായി 5000 മുതല്‍ 10,000 രൂപവരെ വേണ്ടിവരും. ഇത്രയും ചെലവിട്ട് മത്സ്യബന്ധനം കഴിഞ്ഞു കരക്കടുത്താൽ അതിനുള്ള മീൻ പലപ്പോഴും കിട്ടാറില്ലെന്നാണ് വള്ളം ഉടമകളും തൊഴിലാളികളും പറയുന്നത്.
വള്ളങ്ങളെ ആശ്രയിച്ചുകഴിയുന്ന അനുബന്ധ തൊഴിലാളികളുടെ കാര്യവും നിരാശയിലായിരുന്നു. വള്ളം തീരത്തടുത്താൽ വാഹനത്തിൽ മീൻ എത്തിക്കുന്നതുവരെ നൂറുകണക്കിനു തൊഴിലാളികളാണ് ഒരു വള്ളത്തെ മാത്രം ആശ്രയിച്ചു തൊഴിലെടുക്കുന്നത്. കൂടാതെ മത്സ്യവിൽപനക്കാർ, ഐസ് ഫാക്ടറി തൊഴിലാളികൾ, മത്സ്യസംസ്കരണ ശാലകളിലെ ജീവനക്കാർ അടക്കം തൊഴിലാളികൾ വേറയും. തീരത്ത് ചാകര കണ്ടാൽ ചായക്കടകളും ഹോട്ടലുകളും തുണിത്തരങ്ങളും പാത്രങ്ങളും കച്ചവടവുമെല്ലാമായി ഉത്സവാന്തരീക്ഷത്തിലായിരിക്കും. എന്നാൽ, കടൽക്ഷോഭം ശക്തമായത് ഇവരുടെ പ്രതീക്ഷകളും തകർന്നു.
അടുത്ത ദിവസം മുതല്‍ പീലിങ് മേഖല സജീവമാകും
അമ്പലപ്പുഴ: ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതോടെയാണ് ചെമ്മീന്‍ പീലിങ് ഷെഡുകളും ഐസ് ഫാക്ടറികളും സജീവമാകുന്നത്. 52 ദിവസമായി അടഞ്ഞു കിടന്ന പീലിങ് ഷഡുകളില്‍ അടുത്ത ദിവസം മുതല്‍ പ്രതീക്ഷയുടെ സൈറൺ മുഴങ്ങും. ഈ സമയത്താണ് നാരന്‍, പൂവാലന്, കരിക്കാടി, പുല്ലന് ചെമ്മീനുകള്‍ അധികവും കിട്ടുന്നത്. കൂടാതെ കണവയുടെ വരുവും പീലിങ് മേഖലക്ക് ഉണര്‍വേകും.
ജില്ലയില്‍ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ആയിരത്തിലധികം ചെറുകിട പീലിങ് ഷഡുകളാണുള്ളത്. അരൂര്‍, ചന്തിരൂര്‍ മേഖലയില്‍ നിരവധി ചെമ്മീന്‍ വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് സ്ത്രീതൊഴിലാളികളാണ് പീലിങ് ഷഡുകളിൽ പണിയെടുക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ പീലിങ് മേഖല സജീവമാകുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ തൊഴിലാളികള്‍. ഐസ് ഫാക്ടറികളും സജീവമായിരിക്കുകയാണ്. 52 ദിവസമായി നിര്‍ത്തിവെച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ഐസ് ഫാക്ടറികള്‍ പലതും ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മത്സ്യസമ്പത്ത് കുറഞ്ഞതും വൈദ്യുതി നിരക്ക് വര്‍ധനയും നിമിത്തം ഇതില്‍ പലതും അടച്ചുപൂട്ടി.
കപ്പലപകടങ്ങളും വിനയായി
അമ്പലപ്പുഴ: ട്രോളിങ് സമയത്തുണ്ടായ കപ്പൽ അപകടങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതികൂലമായി. കപ്പലിലെ ലൈഫ് ബോട്ടുകളും ടാങ്കുകളും മറ്റും ഒഴുകി തീരത്തടിഞ്ഞതോടെ മത്സ്യബന്ധനത്തിന് ദിവസങ്ങളോളം വിലക്കേർപ്പെടുത്തിയിരുന്നു.
തൊട്ടുപിന്നാലെയാണ് കൊച്ചി തീരത്ത് കണ്ടെയ്നർ കയറ്റിയ കപ്പൽ തകർന്നതും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി. കണ്ടെയ്നറുകൾ പലതും ആലപ്പുഴ തീരത്ത് വിവിധയിടങ്ങളിൽ അടിഞ്ഞതും കടലിൽ ഒഴുകിയതും മത്സ്യത്തൊഴിലാളികളെ ബാധിച്ചു. വലകൾ കണ്ടെയ്നറിൽ കുരുങ്ങി നശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.