എയിംസിന് അനുയോജ്യം പുറക്കാട് മണക്കൽ പാടശേഖരം ദേശീയപാത 66ൽനിന്ന് മണക്കൽ പാടശേഖരത്തിലേക്ക് ഒരുകിലോമീറ്റർ മാത്രം
text_fieldsഗാന്ധി സ്മൃതിവനത്തിനായി ഏറ്റെടുത്ത മണക്കല്‍ പാടശേഖരം
അമ്പലപ്പുഴ: പുറക്കാട് ഇല്ലിച്ചിറ നിവാസികൾ കാത്തിരിക്കുന്നു എയിംസിനു വേണ്ടി. അത്യാധുനിക സംവിധാനങ്ങളുള്ള ഒരു സ്വകാര്യ ആശുപത്രിപോലും ജില്ലയിലില്ല. മെഡിക്കൽ കോളജ് ഉണ്ടെങ്കിലും അത്യാധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനോ ആവശ്യമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കാനോ കഴിയാത്തതിനാൽ പലരും മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെയും മെഡിക്കൽ കോളജുകളെയും ആശ്രയിക്കേണ്ടിവരുന്നുണ്ട്.
കൂടാതെ ദേശീയപാതയോരത്തുള്ള ഏക മെഡിക്കല്‍ കോളജ് ആശുപത്രി കൂടിയായ ആലപ്പുഴയിലാണ് അകടത്തിൽപെട്ടവരെ എത്തിക്കുന്നത്. വിദഗ്ധ ചികിത്സ വേണ്ടിവന്നാല്‍ ഇവരെ സമീപജില്ലകളിലെ സ്വകാര്യ ആശുപത്രികളിലോ കോട്ടയം മെഡിക്കല്‍ കോളജിലോ എത്തിക്കേണ്ടിവരും. അത്യാസന്ന നിലയിലായവരെ അവിടെ എത്തിക്കുമ്പേഴേക്കും പലരുടെയും ജീവന് അപകടത്തിലാകും. എയിംസ് എത്തിയാല്‍ ഇത്തരത്തിലുള്ള അപകടമരണം ഒഴിവാക്കാനാകും.
ദേശീയപാത 66ൽനിന്ന് മണക്കൽ പാടശേഖരത്തിലേക്ക് ഒരു കിലോമീറ്റർ പോലും ദൂരമില്ല. കൂടാതെ ദേശീയപാതയിൽനിന്ന് പുറക്കാട് ജങ്ഷൻ, ഇല്ലിച്ചിറ റോഡിലൂടെയും ഇവിടെ എത്താനാകും. ദേശീയ ജലപാതയായ ടി.എസ് കനാലോരത്താണ് മണക്കൽ പാടശേഖരം. കുട്ടനാട്, അപ്പർകുട്ടനാട് പോലുള്ള ഉൾനാടൻ പ്രദേശങ്ങളിൽ ഉള്ളവർക്ക് ജലമാർഗം ഇവിടെ എത്താനും കഴിയും. കരുവാറ്റ-കരുമാടി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ തെക്ക്, കിഴക്കൻ ജില്ലയിലുള്ളവർക്കും ഇവിടെ എത്താനാകും. അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് അഞ്ച് കിലോമീറ്റർ മാത്രമാണ് ദൂരം. അതിനാൽ പുറക്കാട് മണക്കൽ പാടശേഖരം എയിംസിന് ഏറ്റവും അനുയോജ്യമാണ്.
മണക്കൽ പാടശേഖരത്തിലെ 636 ഏക്കറിൽ 460 ഏക്കറും സർക്കാർ ഉടമസ്ഥതയിലുണ്ട്. എയിംസിനായി നൂറ് ഏക്കറോളം വേണ്ടിവരും. ക്വാർട്ടേഴ്സുകൾ, ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രീയ വിദ്യാലയം, ഷോപ്പിങ് കോപ്ലക്സ്, കളിസ്ഥലങ്ങൾക്കും മറ്റുമായി 400 ഏക്കറോളമാണ് വേണ്ടിവരുന്നത്.
വനമില്ലാത്ത ആലപ്പുഴക്ക് ഒരു നിര്‍മിത വനം ലക്ഷ്യമിട്ടാണ് പുറക്കാട് പഞ്ചായത്തില്‍ 1994ല്‍ ഗാന്ധിസ്മൃതിവനം പദ്ധതിക്ക് കെ. കരുണാകരൻ സർക്കാർ തുടക്കമിടുന്നത്. എന്നാൽ, ഈ പദ്ധതി കടലാസിലൊതുങ്ങി. വി.എസ്. സർക്കാറിന്റെ കാലത്ത് ഇവിടെ ഐ.ടി പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചു. കോടികൾ ചെലവഴിച്ച് 100 ഏക്കർ ഭൂമി ഇതിനായി നികത്തുകയും ചെയ്തു.
പിന്നീട് കേന്ദ്ര പരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചതോടെ ഇതും പാഴായി. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കോ ടൂറിസത്തിനുള്ള നടപടി ആരംഭിച്ചിരുന്നു. ഇതിനായി ഐ.ടി പാര്‍ക്ക് പദ്ധതിയില്‍ വകയിരുത്തിയിരുന്ന രണ്ടുകോടി രൂപയിൽ ഒരുകോടി വനം വികസന കോർപറേഷന്റെ ഇക്കോ ടൂറിസം വകുപ്പിന് കൈമാറി. ഐ.ടി പാർക്കിനായി എടുത്തതുൾപ്പെടെയുള്ള 160 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ പ്രാരംഭ നടപടികൾ നടക്കേണ്ടിയിരുന്നുത്. ഇതിനായി പുറംബണ്ട് നിർമാണത്തിനായി കരാർ നൽകുകയും ചെയ്തു.
എന്നാൽ, പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു.
കഴിഞ്ഞ പിണറായി സര്‍ക്കാര്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ വനം വികസന കോര്പറേഷന് ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് പുറക്കാട് മണക്കല്‍ പാടശേഖരം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. സംയുക്ത കൃഷിയോടൊപ്പം ടൂറിസവുമാണ് ലക്ഷ്യമിട്ടത്. എന്നാൽ, അതും പ്രാവർത്തികമായില്ല. സർക്കാറുകൾക്ക് പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഒന്നായി ഈ പദ്ധതി പ്രദേശം മാറിക്കഴിഞ്ഞു. ഇനിയെങ്കിലും ഗാന്ധി സ്മൃതിവനം പ്രദേശത്തിന് ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

