പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ഓര്‍മപുതുക്കി ആയിരങ്ങൾ പുഷ്പാർച്ചന നടത്തി
text_fieldsപുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തില്‍ നേതാക്കള്‍ പുഷ്പചക്രം അർപ്പിക്കുന്നു
അമ്പലപ്പുഴ: സര്‍ സി.പിയുടെ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി നടന്ന സമരത്തിൽ ജീവൻ പൊലിഞ്ഞ പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ഓര്‍മപുതുക്കി പുന്നപ്ര സമരഭൂമിയിലെ മണ്ഡപത്തില്‍ ആയിരങ്ങൾ പുഷ്പാർച്ചന നടത്തി.
വൈകീട്ട് മൂന്നിന് സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു. സമരനായകൻ വട്ടത്തറ ശങ്കരന്റെ മകൾ മീനാക്ഷി കൊളുത്തി നൽകിയ ദീപശിഖ ഡി.വൈ.എഫ്.ഐയുടെ കായികതാരം അമൽ വിജയൻ ഏറ്റുവാങ്ങി.
വൈകീട്ട് 4.30ന് സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽനിന്ന് കുറവൻതോട് ജങ്ഷനിൽനിന്ന് പടിഞ്ഞാറ് റോഡുവഴി ചുവപ്പുസേന പരേഡിനൊപ്പം മഴയെ അവഗണിച്ചും നൂറുകണക്കിന് പേർ സമരഭൂമിയിലേക്ക് ഒഴുകിയെത്തി.
വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ദീപശിഖ വൈകീട്ട് ആറിന് സമരഭൂമിയിലെത്തിച്ചു. സമരസേനാനി കെ.വൈ. ലിയോണിന്റെ ചെറുമകനും കായികതാരവുമായ അജയ് ജോസഫിൽനിന്ന് ദീപശിഖ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. അജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ വി.എ. അരുൺകുമാർ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ, ജില്ല സെക്രട്ടറി ആർ. നാസർ, മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി.ജെ. ആഞ്ചലോസ്, ജില്ല സെക്രട്ടറി അഡ്വ. എസ്. സോളമൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എച്ച്. സലാം എം.എൽ.എ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ല കമ്മിറ്റി അംഗം അഡ്വ. ആർ. രാഹുൽ, വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ, സെക്രട്ടറി സി. ഷാംജി, പി.വി. സത്യനേശൻ, എ. ഓമനക്കുട്ടൻ, സമരസേനാനി കുന്തക്കാരൻ പത്രോസിന്റെ ചെറുമകൻ റോസൽ രാജ് എന്നിവർ പുഷ്‌പചക്രമർപ്പിച്ചു.
പുന്നപ്ര വടക്ക്, പുന്നപ്ര സെന്റർ, പുന്നപ്ര കിഴക്ക്, പുന്നപ്ര ലോക്കൽ സംഘാടക സമിതികളുടെ പുഷ്‌പാർച്ചന റാലികൾ 11ഓടെ സമരഭൂമിയിലെത്തി. യു. പ്രതിഭ എം.എൽ.എ, അഡ്വ. സി.എ. അരുൺകുമാർ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി. രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിൽ ആർ. നാസർ, അഡ്വ. എസ്. സോളമൻ എന്നിവർ സംസാരിച്ചു.
വി.ആർ. അശോകൻ അധ്യക്ഷത വഹിച്ചു. വി.കെ. ബൈജു സ്വാഗതവും ഡി. അശോക്‌കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പൊതുസമ്മേളനം എം.എ. ബേബി ഉദ്‌ഘാടനം ചെയ്‌തു. ഇ.കെ. ജയൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ്, പന്ന്യൻ രവീന്ദ്രൻ, സി.എസ്. സുജാത, ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, അഡ്വ. എസ്. സോളമൻ, എച്ച്. സലാം എം.എൽ.എ, പി.വി. സത്യനേശൻ, എ. ഓമനക്കുട്ടൻ, ആർ. രാഹുൽ, റസൽ രാജ് തുടങ്ങിയവർ സംസാരിച്ചു.
ചിലര്‍ പുതിയ മാതൃകയിൽ കള്ളപ്രചാരണം നടത്തുന്നു -എം.എ. ബേബി
അമ്പലപ്പുഴ: പുന്നപ്ര വയലാർ സമരത്തിനെതിരെ പ്രചാരവേല നടത്തിയതുപോലെ ഇപ്പോൾ ചിലര്‍ പുതിയ മാതൃകയിൽ കള്ള പ്രചാരണം നടത്തുകയാണെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. 79ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണ പൊതുസമ്മേളനം പുന്നപ്ര സമരഭൂമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ന് പതിമൂന്നര സെന്‍റുകാർ എന്നായിരുന്നു കമ്യൂണിസ്റ്റുകാരെ ആക്ഷേപിച്ചിരുന്നത്. ഇപ്പോൾ പുതിയ നുണക്കഥകളെയാണ് ആശ്രയിക്കുന്നത്. നുണക്കോട്ടകൾ തകർത്താണ് സംസ്ഥാനത്ത് എൽ.ഡി.എഫ് ഗവ. രണ്ടാമൂഴമെത്തിയത്. അടുത്ത പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾ ഇടതു മുന്നണിക്ക് പ്രധാനമാണ്. സംസ്ഥാനത്ത് ആദ്യ ഇടതു മുന്നണി സർക്കാർ അധികാരത്തിലേറാൻ പുന്നപ്ര വയലാർ സമരം പ്രധാന കാരണമായെന്നും എം.എ. ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

