കണ്ടെയ്നർ ഭീഷണി: മത്സ്യത്തൊഴിലാളികൾ കണ്ണീരോടെ തീരമണയുന്നു
text_fieldsഫ്രണ്ട്സ് വള്ളത്തിലെ തൊഴിലാളികൾ കേടായ വലയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നു
ആറാട്ടുപുഴ : കാത്തിരുന്ന സീസണിലെ മത്സ്യ കൊയ്ത് പ്രതീക്ഷിച്ചു കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കണ്ണീരോടെയാണ് തീരമണയുന്നത്. കപ്പലപകടത്തിന് ശേഷമുണ്ടായ കണ്ടെയ്നർ ഭീഷണിയാണ് കാരണം. ഇതുമൂലം മത്സ്യബന്ധനം വലിയ പ്രതിസന്ധിയിലാണ്. ഭീതിയോടെയല്ലാതെ മത്സ്യബന്ധനം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ പത്തിലേറെ വള്ളങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങൾ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.
കഴിഞ്ഞ മൂന്നുദിവസങ്ങൾക്കുള്ളിൽ നാലു വള്ളങ്ങളുടെ വലയാണ് നശിച്ചത്. ആറാട്ടുപുഴ കള്ളിക്കാട് കാട്ടിൽപടീറ്റതിൽ ജോയ് മോന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് വള്ളത്തിന്റെ 500 കിലോയോളം വല കണ്ടെയ്നറിൽ ഉടക്കി നശിച്ചു. അഴീക്കൽ പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധനം നടത്തുമ്പോഴായിരുന്നു സംഭവം.
അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇവിടെത്തന്നെ മത്സ്യബന്ധനം നടത്തിയ മംഗലത്ത് സുരേഷിന്റെ ഉടമസ്ഥതയിലുള്ള മംഗലത്ത് മഹാദേവൻ വള്ളത്തിന്റെ വലയും നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നാഴ്ചക്കുള്ളിൽ മൂന്നാമത്തെ തവണയാണ് ഇവരുടെ വല നശിക്കുന്നത്. 12 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇവർക്ക് ആകെ ഉണ്ടായിരിക്കുന്നത്.
തൃക്കുന്നപ്പുഴയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഉദയൻ കൈപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഉദയ സൂര്യൻ വള്ളത്തിന്റെ വല തോട്ടപ്പള്ളി പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടയിൽ ഉടക്കിൽ കുരുങ്ങി നശിച്ചു.1000 കിലോ വലയും ഈയകട്ടകളും റോപ്പുകളും നഷ്ടപ്പെട്ടു. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആറാട്ടുപുഴ-തറയിൽക്കടവ് എല്ലാലികിഴക്കതിൽ സുരേഷിന്റെ ഉടമസ്ഥതയിലുളള വളളത്തിന്റെ വലകൾ ഉടക്കികീറി. എൻ.ടി.പി.സിയ്ക്ക് പടിഞ്ഞാറ് വലിക്കുന്നതിനിടെയാണ് വല കുരുങ്ങിയത്.
700 കിലോയോളം വലക്ക് നാശമുണ്ടായി. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സുരേഷ് പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ആറാട്ടുപുഴ കായലിൽ അൻഷാദിന്റെ ഉടമസ്ഥതയിലുള്ള മിന്നൽ കൊടി, വലിയഴിക്കലുള്ള ശിവധാര, ആറാട്ടുപുഴ വലിയഴീക്കൽ കുന്നുംപുറത്ത് വിഷ്ണുവിന്റെ ഉടമസ്ഥയിലുളള ശ്രീമുരുകൻ, വട്ടച്ചാൽ പുതുമണ്ണേൽ സുരേഷിന്റെ ഉടമസ്ഥതയിലുളള പുതുമണ്ണേൽ, വട്ടച്ചാൽ നാട്ടുതോട്ടിൽ ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുളള ശ്രീകൃഷ്ണ, തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചുകുളങ്ങിയിൽ ഷിജുവിന്റെ ഉടമസ്ഥതയിലുള്ള കാർമൽ എന്നും വള്ളങ്ങളുടെ വലയും അനുബന്ധ ഉപകരണങ്ങളും നശിച്ചിരുന്നു. ജി. പി. ആർ.എസ് സംവിധാനത്തിലൂടെ സുരക്ഷിതമെന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലത്താണ് ഇ വരെല്ലാം മത്സ്യബന്ധനം നടത്തിയത്.
എന്നിട്ടും വലകുരുങ്ങുന്നത് മത്സ്യത്തൊഴിലാളികളിൽ ആശങ്ക വർധിപ്പിക്കുകയാണ്. താങ്ങാനാകാത്ത നഷ്ടമാണ് പലർക്കും ഉണ്ടായിരിക്കുന്നത്. സീസണിലെ പണിക്കായി ലക്ഷക്കണക്കിന് രൂപ മുടക്കി ഇറക്കിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. ഒറ്റപ്പെട്ട പണിക്കായി ഇനിയും പണം മുടക്കേണ്ടി വരുന്നത് മൂലം വലിയ കടബാധ്യതയാണ് പേറേണ്ടിവരുന്നത്.
ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യമേഖലയിൽ ഗുരുതര പ്രതിസന്ധിയായി കണ്ടെയ്നർ മാറിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നും കാര്യമായി ഇടപെടൽ ഉണ്ടാകുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.