വലിയഴീക്കലിൽ കുടിവെള്ളം കിട്ടാതെ ജനം വലയുന്നു
text_fieldsവലിയഴീക്കൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ പമ്പ് ഹൗസ്
ആറാട്ടുപുഴ: വലിയഴീക്കലിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ജനങ്ങൾ കുടിവെളളം കിട്ടാതെ വലയുകയാണ്. പ്രദേശത്ത് ജലവിതരണം നടത്തുന്ന ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ പമ്പിങ് സ്റ്റേഷനിലെ മോട്ടർ തകരാറായതാണ് ശുദ്ധജലക്ഷാമം രൂക്ഷമാകാൻ കാരണം. പകൽ സമയത്ത് ടാപ്പുകളിൽ വെള്ളം കിട്ടുന്നില്ല. പ്രത്യേകിച്ച് കായലോരമായ കിഴക്കൻ മേഖലയിൽ ഒരുതുള്ളി വെളളം പോലും എത്തുന്നില്ല.
രാത്രി മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്നാൽ നൂലുപോലെ വെള്ളം വന്നെങ്കിലായി. കുടിക്കാനുള്ള ആവശ്യത്തിന് പോലും ഈ വെള്ളം തികയില്ല. വലിയ വിലകൊടുത്താണ് അത്യാവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്. അതിന് സാധിക്കാത്തവർ കിലോമീറ്റർ അകലെ പോയി വെള്ളം കൊണ്ടുവരുന്നു. അറുന്നുറോളം കുട്ടികൾ വലിയഴീക്കൽ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരും അധ്യാപകരുമെല്ലാം വെളളമില്ലാത്തതിനാൽ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കടലും കായലും ചുറ്റപ്പെട്ടുകിടക്കുന്ന ഉപ്പു പ്രദേശമായതിനാൽ പൈപ്പുവെളളം മാത്രം അശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്.
കുടിവെള്ള പ്രശ്നം ജല അതോറിറ്റി അധികൃതരെ അറിയിച്ചപ്പോൾ ലൈനിൽ അറ്റകുറ്റപ്പണി നടക്കുകയാണെന്നും ഉടൻ വെള്ളം വരുമെന്നുമാണ് പറയുന്നത്. അടുത്ത ദിവസമാണ് മോട്ടർ കേടായതായി പറയുന്നത്. പ്രദേശത്തെ സാഹചര്യം മനസ്സിലാക്കി പ്രശ്നപരിഹാരത്തിന് വേഗത്തിൽ നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രശ്ന പരിഹാരം ഇനിയും വൈകിയാൽ സ്കൂളിന്റെ പ്രവർത്തനം അടക്കം നിർത്തിവെക്കേണ്ട സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.