നഷ്ടം ആവർത്തിക്കുമ്പോഴും പ്രശ്നത്തിന് പരിഹാരമില്ല; കണ്ടെയ്നറുകൾകൊണ്ട് പൊറുതിമുട്ടി മത്സ്യത്തൊഴിലാളികൾ
text_fieldsവട്ടച്ചാൽ പുതുമണ്ണേൽ സുരേഷിന്റെ പുതുമണ്ണേൽ വള്ളത്തിന്റെ ഉടക്കിക്കീറിയ വല തൊഴിലാളികൾ നന്നാക്കുന്നു
ആറാട്ടുപുഴ: കടലിൽ താഴ്ന്നുകിടക്കുന്ന കണ്ടെയ്നറുകളുടെ ഭീഷണി ഒഴിവാകാത്തത് മത്സ്യത്തൊഴിലാളികളെ തീരാദുരിതത്തിലാക്കുന്നു. കണ്ടെയ്നറുകളിൽ ഉടക്കി മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്ന സംഭവം ആവർത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിന് ഒരു നടപടിയുമില്ല.
വ്യാഴാഴ്ച കായംകുളം ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ വലിയഴീക്കൽ കുന്നുംപുറത്ത് വിഷ്ണുവിന്റെ ശ്രീമുരുകൻ വള്ളത്തിന് കണ്ടെയ്നറിൽ വല ഉടക്കി നഷ്ടമുണ്ടായി. ചെറിയഴീക്കൽ തീരത്തിന് പടിഞ്ഞാറു ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വല ഉടക്കി കീറിയത്. 400 കിലോ ചൂട വല നശിച്ചു. നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിഷ്ണു പറഞ്ഞു. വട്ടച്ചാൽ പുതുമണ്ണേൽ സുരേഷിന്റെ പുതുമണ്ണേൽ വള്ളത്തിന് 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
എൻ.ടി.പി.സിക്ക് പടിഞ്ഞാറു ഭാഗത്താണ് പുതുമണ്ണേൽ വള്ളത്തിലെ വല കുരുങ്ങിയത്. 700 കിലോയാണ് നഷ്ടപ്പെട്ടത്. വട്ടച്ചാൽ നാട്ടുതോട്ടിൽ ബാലകൃഷ്ണന്റെ ശ്രീകൃഷ്ണ 100 കിലോയോളം വലയും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സുരക്ഷിതമെന്ന് കരുതിയ സ്ഥലത്ത് മത്സ്യബന്ധനം നടത്തിയിട്ടും അപകടം ആവർത്തിക്കുന്നത് മത്സ്യത്തൊഴിലാളികളിൽ ആശങ്ക വർധിപ്പിക്കുന്നു.
കപ്പൽ അപകടത്തെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറുകൾ വലകൾക്ക് ഉടക്കായി മാറിയെന്നാണ് തൊഴിലാളികൾ പറയുന്നത്. സീസണിലെ വരുമാനം നഷ്ടപ്പെടുന്നത് തൊഴിലാളികളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. പ്രശ്നപരിഹാരത്തിന് അധികാരികൾ നടപടിയെടുക്കാത്തതിനെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.