അരൂർ-തുറവൂർ ദേശീയപാത അപകടം; നിയമ നടപടികളിൽ ദുരൂഹത
text_fieldsഅരൂര്‍: ഉയരപ്പാത നിര്‍മാണ സ്ഥലത്ത് ഗര്‍ഡര്‍ താഴേക്ക് വീണ് ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസെടുത്തു. ഇത് പ്രകാരം പിടിയിലാകുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. സൈറ്റ് എൻജിനീയര്‍, സൂപ്പര്‍വൈസര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ഇതിൽപെടും. എന്നാല്‍, വ്യാഴാഴ്ച വൈകീട്ട് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഇത്രയും കടുത്ത വകുപ്പുകള്‍ ഇട്ട് കേസെടുത്തത് ഇതാദ്യമാണ്. ഇതിന് മുമ്പ്45 ആളുകളുടെ ജീവന് പാതയില്‍ പൊലിഞ്ഞപ്പോഴും ഇത്തരത്തില്‍ കടുത്ത നടപടി ഉണ്ടായിരുന്നില്ല. മാത്രമല്ല പലപ്പോഴും ഉന്നതങ്ങളില്‍ നിന്നുള്ള അപ്രതീക്ഷിത വിളികള്‍ പൊലീസ് ഉദ്യോഗസ്ഥരെ അലോരസരപ്പെടുത്തിയതായും സൂചനയുണ്ട്. എന്നാല്‍, വ്യാഴാഴ്ചത്തെ സംഭവത്തില്‍ പൊതുജനം ഒന്നിച്ച് പ്രതിഷേധിച്ചതോടെ നിലപാട് കര്ക്കശമാക്കേണ്ടിവന്നു.
അതിനിടെ, പ്രഥമവിവര റിപ്പോര്‍ട്ടില്‍ പാളിച്ചകള്‍ ഉള്ളതായും ആരോപണം ഉയരുന്നു. പുലര്‍ച്ച 2.40നാണ് അപകടം നടന്നത്. അരൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയുണ്ടായ അപകടം സംബന്ധിച്ച് വിവരം ലഭിച്ചത് രാവിലെ എട്ടുമണി എന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, രാത്രി പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് പുലര്‍ച്ച മൂന്നോടെ സ്ഥലത്തെത്തി. ഇവര്‍ മൂന്ന് മണിക്കൂറോളം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനും ഗതാഗത നിയന്ത്രണത്തിലും അടക്കം സജീവമായിരുന്നു. ഇതുവഴി കടന്നുപോയ തിരുവല്ല പെരിങ്ങര അമിച്ചകരി വാഴക്കൂട്ടത്തില്‍ ബിജു വർഗീസാണ് വിവരം സ്റ്റേഷനില്‍ അറിയതച്ചതെന്നാണ് പൊലീസ് രേഖകള്‍ പറയുന്നത്. എന്നാല്‍, ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ താനല്ല തന്റെ വാഹനവുമായി ഡ്രൈവറാണ് പോയതെന്ന മറുപടിയാണ് ലഭിച്ചത്. ഇത് മനഃപൂര്‍വമല്ലെങ്കിലും മറ്റൊന്ന് കുറ്റവാളികളെ സംബന്ധിച്ച കോളത്തില്‍ രേഖപ്പെടുത്തിയ വിവരങ്ങളാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.
അപകട മരണത്തിന് കാരണം ഉയരപ്പാത നിര്‍മാണ കരാര്‍ കമ്പനി എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ നിര്‍മാണ ജോലികള്‍ നടത്തുന്ന കമ്പനിയുടെ പേരോ വിലാസമോ രേഖപ്പെടുത്തേണ്ട കോളത്തില്‍ അറിയല്ല, ആലപ്പുഴ, കേരളം എന്നാണ് ഉള്ളത്. എന്നാല്‍, ഉള്ളടക്കത്തില്‍ സുരക്ഷാ സംവിധാനം ഒരുക്കാതെ തൂണുകള്‍ക്ക് മുകളില്‍ ബീമുകള്‍ കയറ്റിയാല്‍ അത് അപകടസാധ്യത ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മുന്‍കരുതലുകളോ, ഗതാഗത നിയന്ത്രണമോ നടത്താത്തതാണ് അപകടകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

