അമേരിക്കയുടെ തീരുവ വർധന; സമുദ്രോൽപന്ന വ്യവസായം തകരുമെന്ന് ആശങ്ക
text_fieldsപ്രതീകാത്മക ചിത്രം
അരൂർ: ഇന്ത്യയുടെ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടി സമുദ്രോൽപന്ന വ്യവസായ-കയറ്റുമതി മേഖലയെ തകർക്കും. തീരുമാനം കൂടുതൽ ബാധിക്കുന്നത് അരൂർ മേഖലയെയാണ്. കഴിഞ്ഞവർഷം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത സമുദ്രോൽപന്നങ്ങളിൽ 90 ശതമാനവും ചെമ്മീനായിരുന്നു. അരൂർ മേഖലയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റിയയക്കുന്ന സമുദ്രോൽപന്നവും ചെമ്മീനാണ്. ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അമേരിക്കൻ വിപണി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്കയുണ്ട്.
കേരളത്തിൽ സംസ്കരിക്കുന്ന ചെമ്മീൻ യു.എസിലേക്കും വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് അയക്കുന്നതാണ് രീതി. ബോട്ടുകാർക്കും മറ്റും മുൻകൂർ തുക കൊടുത്തവർക്ക് ചരക്ക് വാങ്ങാതിരിക്കാൻ കഴിയില്ല. പ്രതിസന്ധി തുടർന്നാൽ ചെമ്മീൻ വാങ്ങുന്നതും സംസ്കരിക്കുന്നതും നിർത്തേണ്ടിവരും. ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോയ ബോട്ടുകൾക്ക് കൂടുതലും ലഭിക്കുന്നത് ചെമ്മീനാണ്.
ചെമ്മീൻ എടുക്കാൻ ആളില്ലാതായാൽ തീരമേഖലയും വറുതിയിലാകും. സംസ്കരണ കേന്ദ്രങ്ങളിൽ തൊഴിലില്ലായ്മയും രൂക്ഷമാകും. അരൂർ മേഖലയിൽ മാത്രം പതിനായിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകും. ഇതിലേറെ പ്രതിസന്ധിയാണ് ചെമ്മീൻ കർഷകർ. വളർത്തിയ ചെമ്മീൻ ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിളവെടുക്കുന്നത്. കയറ്റുമതി ജൂൺ, ജൂലൈ മാസങ്ങളിലും. ഒരുകിലോ ചെമ്മീന് ആന്ധ്രയിലും മറ്റും ഉൽപാദനച്ചെലവ് കിലോക്ക് 200 രൂപയാണ്. കയറ്റുമതിക്കാർ കിലോക്ക് 230 മുതൽ 250 രൂപ വരെ നൽകി വാങ്ങുകയാണ് പതിവ്.
ഈ ഘട്ടത്തിൽ വിലയിടിവ് ഏതുവരെയാകുമെന്ന ആശങ്കയിലാണ് കർഷകർ. അതിനാൽ ചെമ്മീനിന്റെ വിളവെടുപ്പും നിർത്തിയിരിക്കുകയാണ്. സമുദ്രോൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ അധികനികുതി പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യവസായികളുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.