ആദിക്കാട്ടുകുളങ്ങരയിൽ മോഷ്ടാക്കൾ വിലസുന്നു
text_fieldsചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മേഖലയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. അടുത്തിടെയായി നിരവധി വീടുകളിലും സ്ഥാപനങ്ങളിലും മോഷ്ടാക്കൾ കയറി. കഴിഞ്ഞ മൂന്ന് ആഴ്ചയായിട്ടാണ് പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമായത്.
നിരവധി വീടുകളിലാണ് മോഷണശ്രമം നടത്തിയത്. ആലപ്പാട് ഷാനവാസിന്റെ വീട്ടിൽനിന്ന് 20 കിലോയുള്ള ചെമ്പുപാത്രം മോഷ്ടിക്കുകയും ചെയ്തു.സമാനമായ മോഷണശ്രമം നിരവധി വീടുകളിൽ ഉണ്ടായെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ കടന്നുകളഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി വിളയിൽ പടീറ്റതിൽ ഹബീസിന്റെ വീട്ടന്റെ പോർച്ചിൽ കിടന്ന കാർ കുത്തിത്തുറക്കാൻ ശ്രമിക്കുകയും കേടുപാട് വരുത്തുകയും ചെയ്തു. പലയിടത്തും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങളിൽ കുട്ടിമോഷ്ടക്കളാണ് മോഷണശ്രമങ്ങൾക്ക് പിന്നിലെന്നും കണ്ടെത്തിയിരുന്നു. മേഖലയിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും ശക്തമാകുന്നതായും ഈ സംഘമാകാം മോഷണശ്രമത്തിന് പിന്നിലെന്നും നാട്ടുകാർ പറയുന്നു. ആദിക്കാട്ടുകുളങ്ങര വടക്ക് ഭാഗത്തുള്ള കെ.ഐ.പി നീർപ്പാലത്തിന് മുകൾഭാഗം സാമൂഹികവിരുദ്ധരുടെ താവളമായി മാറിയെന്നും പരാതി ഉയർന്നു. രാത്രി യുവാക്കൾ മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ച ശേഷം തമ്മിൽത്തല്ലും അസഭ്യംവിളിയും കാരണം ഏറെ ബുദ്ധിമുട്ടിലാണെന്ന് പരിസരവാസികൾ പറയുന്നു. പ്രദേശത്ത് മോഷണശ്രമവും സാമൂഹികവിരുദ്ധ ശല്യവും തുടർക്കഥയായതോടെ നൂറനാട് പൊലീസ് രാത്രി പട്രോളിങ് ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മോഷണശ്രമങ്ങളിൽ നൂറനാട് പൊലീസ് അന്വേഷണം തുടങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.