ഓൺലൈൻ തട്ടിപ്പ്: കംബോഡിയൻ ബന്ധമുള്ള പ്രധാനപ്രതി അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: ഓൺലൈൻ തട്ടിപ്പിൽ കംബോഡിയൻ ബന്ധമുള്ള രണ്ടാം പ്രതി തമിഴ്നാട് വിരുദുനഗർ അരിപ്പുക്കോട്ടെ മണിനഗരം ഭാഗത്ത് ഷൺമുഖനാഥപുരം സ്ട്രീറ്റിൽ വീട്ടുനമ്പർ 15 ൽ ഡി. ഹരിദാസ് (43) നെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് 22,60,000 രൂപയാണ് ഇയാൾ ചെങ്ങന്നൂരിലെ പ്രമുഖ കെട്ടിടനിർമാണ കരാറുകാരനിൽനിന്ന് തട്ടിയെടുത്തത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ ട്രേഡിങിലൂടെ വമ്പൻ ലാഭമുണ്ടാക്കാനാകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. വിദേശത്തേക്ക് കടക്കാൻ ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചതറിഞ്ഞ് ചെങ്ങന്നൂരിലെ പൊലീസുദ്യോഗസ്ഥരെത്തിയാണ് പിടികൂടിയത്.
തമിഴ്നാട്ടിലെ സാധാരണക്കാർക്ക് തുച്ഛമായ പണം കൊടുത്ത് എ.ടി.എം കാർഡ് സഹിതം വാങ്ങിയ ശേഷം ആ അക്കൗണ്ടുകളിലേക്കാണ് തട്ടിച്ചെടുക്കുന്ന പണം അയപ്പിച്ചിരുന്നത്. പിന്നീട് തന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയശേഷം എ.ടി.എമ്മിലൂടെ പിൻവലിക്കുകയാണ് രീതി. കംബോഡിയ ആസ്ഥാനമാക്കി ഇന്ത്യയിൽ നിന്നും ഓൺലൈനായി പണം തട്ടിയെടുക്കുന്ന തട്ടിപ്പു സംഘത്തിലെ പ്രധാനിയെയാണ് ഇതോടെ പിടികൂടാനായത്. ഈ കേസിലെ ഒന്നാം പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.