ബിന്ദു പത്മനാഭന് കൊലക്കേസ്; സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
text_fieldsസെബാസ്റ്റ്യനെ കോടതിയിൽ എത്തിച്ചപ്പോൾ
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന് കൊലപാതക കേസില്‍ പ്രതിയായ പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ (61) തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷെറിന് കെ. ജോർജാണ് 30ന് വൈകീട്ട് നാലുവരെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്ന സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴിയെത്തുടര്ന്നാണ് ക്രൈംബ്രാഞ്ച് പ്രതിയാക്കി കേസെടുത്തത്. വിയ്യൂര്‍ ജയിലിൽ റിമാൻഡിലായിരുന്ന സെബാസ്റ്റ്യനെ 18നാണ് ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയില്‍ കിട്ടാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചെങ്കിലും ജയിലില്‍നിന്ന് സാങ്കേതിക കാരണങ്ങളാൽ സെബാസ്റ്റ്യനെ എത്തിക്കാനായിരുന്നില്ല. അതിനാൽ കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കോട്ടയത്ത് എത്തിച്ചശേഷം രാവിലെ 10.30 ഓടെ സെബാസ്റ്റ്യനെ സി.ഐ കെ. ഹേമന്ദ് കുമാർ, എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിൽ ചേർത്തല കോടതിയിൽ എത്തിച്ചു. കാലിൽ മുറിവുള്ളതും മറ്റ് ശാരീരികപ്രശ്നങ്ങൾ ഉള്ളതുകൊണ്ടുമാണ് വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചതെന്ന് അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍ ജയിലിൽ കഴിയുന്നത്.
കൂടുതല്‍ തെളിവെടുക്കുന്നതിനും ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തുന്നതിനുമാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതിനായി പ്രതിയുമായി കോട്ടയം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തിനുപുറത്ത് കുടക്, ബാംഗ്ലൂര്‍, വേളാങ്കണ്ണി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും എത്തിച്ച് തെളിവുകള്‍ ശേഖരിക്കും. ചേര്‍ത്തല പൊലീസ് അന്വേഷിക്കുന്ന റിട്ട. പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ-62) തിരോധാന കേസിലും സെബാസ്റ്റ്യൻ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

