അംഗൻവാടി ടീച്ചറും ഹെൽപറും തമ്മിലടിച്ചു
text_fieldsചേർത്തല: ടീച്ചറും ഹെൽപറും അംഗൻവാടിക്കുള്ളിലും പുറത്തുവെച്ചും തമ്മിൽതല്ല്. തല്ലുകണ്ട പിഞ്ചുകുഞ്ഞുങ്ങൾ പരിഭ്രാന്തിയിലായി. ഓടിക്കൂടിയ അയൽവാസികൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് കൈതക്കാട് അംഗൻവാടിയിലെ അധ്യാപികയായ കണ്ടത്തിപ്പറമ്പിൽ ഗീതയും ഹെൽപർ എട്ടാം വാർഡ് സബ്ന നിലയത്തിൽ സജിനിയുമാണ് തമ്മിലടിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗീതയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളുകളായി അംഗൻവാടിയിൽ കുട്ടികൾക്ക് നൽകാൻ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ കാണാതെ വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.
പലവട്ടം ഇരുവരും ഇതേകുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. സജിനിയുടെ വീടിന്റെ സമീപമാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ഇതിനെ കുറിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ഗീത പലവട്ടം പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. വെള്ളിയാഴ്ച ഇതേകുറിച്ച് ചോദ്യംചെയ്തതോടെയാണ് അടിപിടിയിൽ കലാശിച്ചത്.
ഗീതയുടെ മാല സജിനി വലിച്ചുപൊട്ടിച്ചതിനെ തുടർന്ന് കഴുത്തിലും ചതവുകളുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറയും മറ്റ് ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് കിട്ടുംവരെ ഇരുവരെയും മാറ്റി നിർത്തിയിരിക്കുകയാണ്. സജിനി അധ്യാപികയായ ഗീതയെ മർദിച്ചതിൽ അംഗൻവാടി കൂട്ടായ്മകളിൽ പ്രതിഷേധമുയരുന്നുണ്ട്. സംഭവത്തിൽ പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.