നാല് സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യന്റെ സഹോദരന്റെ പുരയിടം ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ
text_fieldsനഗരസഭ മൂന്നാം വാർഡിൽ സെബാസ്റ്യന്റെ സഹോദരൻ ക്ലെമെന്റ്ന്റെ വീടുണ്ടായിരുന്ന സ്ഥലം. ഇവിടെയാണ് കിണർ മൂടിയ നിലയിൽ കണ്ടെത്തിയത്
ചേർത്തല: നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിൽക്കുന്ന സെബാസ്റ്റ്യന്റെ സഹോദരൻ ക്ലമെന്റിന്റെ പുരയിടത്തിൽ ഉണ്ടായിരുന്ന കിണറും കെട്ടിടവും ക്രൈം ബ്രാഞ്ച് നിരീക്ഷണത്തിൽ. ചേർത്തല വടക്കേ അങ്ങാടി കവലയ്ക്ക് സമീപമുള്ള ക്ലമെന്റിന്റെ 10 സെന്റോളം വരുന്ന സ്ഥലത്ത് ക്രൈംബ്രാഞ്ച് കഴിഞ്ഞ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. ക്ലമെന്റും കുടുംബവും നിലവിൽ ന്യൂസിലാൻഡിൽ ജോലിയും സ്ഥിരതാമസവുമാണ്.
വർഷങ്ങൾക്കു മുമ്പ് സഹോദരനും സെബാസ്റ്റ്യനുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെങ്കിലും അടഞ്ഞുകിടന്ന വീട് ബലമായി തുറന്ന് സെബാസ്റ്റ്യൻ ദിവസങ്ങളോളം താമസിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വീടിനോട് ചേർന്ന് ഒരു കിണർ ഉണ്ടായിരുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സെബാസ്റ്റ്യൻ താമസിച്ചിരുന്ന സമയത്ത് ഈ കിണർ മൂടുന്നത് കണ്ട് നാട്ടുകാർ കാര്യം അന്വേഷിച്ചപ്പോൾ കിണറിൽ നായ വീണു ചത്തെന്നും അതുകൊണ്ടാണ് കിണർ മൂടുന്നതെന്നുമുള്ള മറുപടിയാണ് സെബാസ്റ്റ്യൻ നൽകിയത്. ചുറ്റു മതിലുള്ള വീട്ട് വളപ്പിൽ എങ്ങനെ നായ കയറിയെന്നും കിണറിൽ എങ്ങനെ നായ ചത്തു കിടന്നെന്നുമാണ് നാട്ടുകാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും ഇപ്പോൾ സംശയം തോന്നാനിടയാക്കിയത്.
സെബാസ്റ്റ്യൻ ഒറ്റയ്ക്ക് തന്നെയാണ് തറനിരപ്പിൽ നിന്നും മുകളിലെ ഭാഗങ്ങൾ കിണറിലേയ്ക്ക് പൊളിച്ചിട്ട് മൂടിയതെന്ന് നാട്ടുകാർ പറയുന്നു. ഈ വീടിന് സമീപത്തെ സ്ത്രീയുമായും സെബാസ്റ്റ്യന് ബന്ധമുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷമാണ് ഈ സ്ത്രീ കടയിൽ എത്തുന്നതും പിന്നീട് സെബാസ്റ്റ്യനുമായി പരിചയത്തിലാവുന്നതും. ഈ സ്ത്രീയും സെബാസ്റ്റ്യനുമായി ഈ വീട്ടിൽ വരാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സഹോദരൻ ക്ലൈമെന്റ്നാട്ടിൽ വരുമ്പോൾ സെബാസ്റ്റ്യൻ ഈ വീട്ടിൽ വരാറില്ലായിരുന്നു. സെബാസ്റ്റിന്റെ വഴിവിട്ട ബന്ധം സഹോദരന് അറിയാമെന്നത് കൊണ്ടാണ് സെബാസ്റ്റ്യൻ ഇവിടെ താമസിക്കാതിരിക്കാൻ വീട് ക്ലമെന്റ് പൊളിച്ചുനീക്കിയത്. കിണർ മൂടുന്നത് കടക്കരപ്പള്ളി പത്മവിലാസത്തിൽ ബിന്ദു
പത്മനാഭന്റെ തിരോധാനത്തിന് ശേഷമാണ്. പള്ളിപ്പുറത്തെ വീട്ടിൽ വച്ച് ബിന്ദുവിനെ അപായപ്പെടുത്തി ശരീരാവശിഷ്ടങ്ങൾ ഈ കിണറ്റിൽ തള്ളിയോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം കാടുപിടിച്ചു കിടന്ന പുരയിടവും പരിസരവും സെബാസ്റ്റ്യന്റെ സാന്നിധ്യത്തിൽ 15 മിനിറ്റോളം പരിശോധന നടത്തിയപ്പോഴാണ് മൂടിയ കിണർ അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. സഹോദരൻ ക്ലമെന്റ് പറയാതെ എന്തിനാണ് കിണർ മൂടിയതെന്നത് സംശയം ബലപ്പെടുന്നുണ്ട്. ഈ കിണറും പരിസരവും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.