സംഘകൃഷിക്ക് നിയന്ത്രണം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയില്ല
text_fieldsആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംഘകൃഷി നടത്താൻ കേന്ദ്ര സർക്കാർ നിയന്ത്രണം. തൊഴിലാളികൾക്ക് പണിയില്ല. ജോയന്റ് ലയബിലിറ്റി ഗ്രൂപ് (ജെ.എൽ.ജി) വഴി തൊഴിലാളികളുടെ സംഘമുണ്ടാക്കി സ്വകാര്യ ഭൂമിയിൽ കൃഷി ചെയ്യുന്നതായിരുന്നു രീതി. ഇതുവഴി കൂടുതൽ തൊഴിൽദിനങ്ങൾ കണ്ടെത്താൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, സംഘകൃഷികൊണ്ട് തൊഴിലുറപ്പ് പദ്ധതിക്ക് പ്രയോജനമില്ലെന്നും ഭൂവുടമക്ക് മാത്രമാണ് ഗുണമെന്നും കേന്ദ്രം കണ്ടെത്തിയതോടെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
ഇത് ജില്ലയിലെ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയായി. സാമ്പത്തികവർഷം പകുതിയാകാറായിട്ടും രജിസ്റ്റർ ചെയ്തവർക്ക് തൊഴിലില്ലാത്ത സ്ഥിതിയാണ്. പ്രതിവർഷം ഒരുകോടി തൊഴിൽദിനം ലഭിച്ചിരുന്ന ജില്ലക്ക് രണ്ടുവർഷമായി തൊഴിൽദിനങ്ങളിൽ വൻ കുറവുവരുത്തിയിരുന്നു. ഈവർഷം 57.12 ലക്ഷം തൊഴിൽദിനം മാത്രമാണ് അനുവദിച്ചത്. പുതിയ നിയന്ത്രണങ്ങൾകൂടി വന്നതോടെ തൊഴിൽ കണ്ടെത്താനുള്ള ബുദ്ധിമുട്ടുമൂലം ഇതിൽ പകുതിപോലും പൂർത്തിയാക്കാൻ ജില്ലക്ക് കഴിഞ്ഞിട്ടില്ല.
സ്വകാര്യഭൂമി കൃഷിക്കായി ഏറ്റെടുക്കുമ്പോൾ അവിടത്തെ ഒരാളെങ്കിലും തൊഴിൽ കാർഡ് നൽകി തൊഴിലുറപ്പിൽ ജോലി ചെയ്യിക്കണമെന്നാണ് കേന്ദ്ര നിബന്ധന. എന്നാൽ, ഭൂമി കൂടുതലുള്ളവർ തൊഴിലുറപ്പിൽ പണിയെടുക്കാൻ തയാറല്ല. അതിനാൽ, പലയിടത്തും സംഘകൃഷി പദ്ധതി ഏറ്റെടുക്കാനാവാത്ത സ്ഥിതിയാണ്. സംഘകൃഷിയിൽനിന്നുള്ള ആദായം ഉടമക്ക് നൽകുന്നതിനോടും കേന്ദ്രം വിയോജിച്ചു.
ഈ നിബന്ധനകൾ വെച്ച് സംഘകൃഷിക്ക് ഭൂമി കിട്ടാൻ പ്രയാസമാണ്. കേന്ദ്രസംഘം വിവിധ തൊഴിൽ മേഖലകൾ സന്ദർശിച്ചശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സാമ്പത്തികവർഷം മുതൽ നിയന്ത്രണം ഏർപ്പെടുത്തിയത്. തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ നൽകാനുള്ള തുക കേന്ദ്രം ബജറ്റിൽ അനുവദിക്കാത്തതും തിരിച്ചടിയാണ്. ഇതുമൂലം ഓരോ സാമ്പത്തികവർഷം തീരുമ്പോഴും കൂലിക്കുടിശ്ശിക ഏറെയാണ്. ഇത്തവണയും അതേ സാഹചര്യമാണുള്ളത്.
ഇതിൽ പ്രതിഷേധം അറിയിച്ച് ഈമാസം 11ന് കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ തൊഴിലാളികൾ സമരം നടത്തുമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി പി.പി. സംഗീത, പ്രസിഡന്റ് എസ്. പവനനാഥൻ എന്നിവർ പറഞ്ഞു. ഭൂവികസനം അടക്കമുള്ള ജോലികൾക്ക് വിലക്കേർപ്പെടുത്തുന്ന കേന്ദ്രനയം തിരുത്തിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.