Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എസ്.ആർ ഫണ്ട് വിവാദം ആലപ്പുഴ നഗരസഭയോഗം അലങ്കോലമായി; നിലപാടിലുറച്ച് വൈസ് ചെയർമാൻ

text_fields
bookmark_border
നെഹ്റുട്രോഫി വിവാദം: എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവിനറിയാമെന്ന് യു.ഡി.എഫ്
സി.എസ്.ആർ ഫണ്ട് വിവാദം ആലപ്പുഴ നഗരസഭയോഗം അലങ്കോലമായി; നിലപാടിലുറച്ച് വൈസ് ചെയർമാൻ
cancel

ആലപ്പുഴ: സി.എസ്.ആർ ഫണ്ട് വിവാദത്തെച്ചൊല്ലി ആലപ്പുഴ നഗരസഭ കൗൺസിൽയോഗം അലങ്കോലമായി. നിലപാടിൽ ഉറച്ച് വൈസ് ചെയർമാൻ. ബുധനാഴ്ച ചേർന്നയോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചതോടെ ഭരണപക്ഷത്തിനൊപ്പം നിൽക്കുന്ന വൈസ് ചെയർമാൻ ജോസ് ചെല്ലപ്പന് ഒറ്റപ്പെട്ടു. ഒരു ഭാഗത്ത് ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പനും മറുഭാഗത്ത് മറ്റ് യു.ഡി.എഫ് കൗൺസിലർമാരും അണിനിരന്നതോടെ കൗൺസിൽയോഗം ബഹളത്തിൽ മുങ്ങി. ഇതോടെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന് ‘വലിയറോൾ’ ഇല്ലാതായി.

സി.എസ്.ആർ.ഫണ്ടും നെഹ്റുട്രോഫി സാംസ്കാരികസമിതി കണക്കും സംബന്ധിച്ച ആരോപണങ്ങളിൽ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ യോഗത്തിൽ ഉറച്ചുനിന്നു. ജോസ് ചെല്ലപ്പനെതിരെ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങൾ തന്നെ രംഗത്തുവന്നു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി.ജി.വിഷ്ണുവാണ് യോഗത്തിൽ വിഷയം അവതരിപ്പിച്ചത്. ഉയർന്ന സി.എസ്.ആർ. ഫണ്ട് നൽകാമെന്ന് പറഞ്ഞ ബാങ്കിന് നൽകാതെ കുറഞ്ഞ തുക വാഗ്ദാനം ചെയ്ത സ്വകാര്യ ബാങ്കിന് മാനദണ്ഡങ്ങൾ പാലിക്കാതെ നൽകിയതിന് പിന്നിലുള്ള അഴിമതി അന്വേഷിക്കണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു.

നിലവിലെ അവസ്ഥയിൽനിന്ന് 60 ലക്ഷം രൂപ അധികമായി നഗരസഭക്ക് ലഭിക്കേണ്ടതായിരുന്നു. ഇതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഒരു യു.ഡി.എഫ് നേതാവ് ബാങ്കുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപയുടെ കമീഷൻ ഇടപാട് നടത്തിയെന്നും വിഷ്ണു ആരോപിച്ചു. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും കൗൺസിലർമാരെ സംശയത്തിന്റെ നിഴലിലാക്കാൻ അനുവദിക്കില്ലെന്നും ഭരണപക്ഷം പ്രതിരോധിച്ചു. തുടർന്ന് സഭയിൽ വലിയ പ്രതിഷേധമുയർന്നു. ബി.ജെ.പി അംഗങ്ങളും എൽ.ഡി.എഫ് അംഗങ്ങളും ഫ്ലക്സുകളും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഇതിനിടെ നഗരസഭ സെക്രട്ടറി കാര്യങ്ങൾ വിശദീകരിച്ചു.

നഗരസഭ ഫിനാൻസ് കമ്മറ്റി അനുവാദമില്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് സെക്രട്ടറിക്ക് കേന്ദ്രസർക്കാറിന്‍റെ അനുമതിയുണ്ടെന്നും എന്നാൽ അത് ചെയ്യാതെ സി.എസ്.ആർ ഫണ്ട് ലഭിക്കണമെങ്കിൽ ലഭിക്കട്ടേയെന്ന് കരുതിയാണ് നഗരസഭാധ്യക്ഷയെ അത് ഏൽപ്പിച്ചതെന്നും സെക്രട്ടറി വിശദീകരിച്ചു. താൻ നേരിട്ട് അക്കൗണ്ട് എടുത്തിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാകുമായിരുന്നില്ല. നഗരഭരണനേതൃത്വമാണ് ബാങ്കിനെ നിശ്ചയിച്ചതെന്നും താൻ അതിൽ ഇടപെട്ടിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. സമയപരിധിക്ക് ശേഷമാണ് ആദ്യം കുറഞ്ഞ തുക വാഗ്ദാനം ചെയ്ത ബാങ്ക് ഉയർന്ന തുക വാഗ്ദാനം ചെയ്തതെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് വിശദീകരിച്ചു.

ജോസ് ചെല്ലപ്പൻ ഉന്നയിച്ച് ആരോപണങ്ങളിൽ ഉറച്ചുനിന്ന് വിശദീകരണം നൽകി. നിലവിൽ സി.എസ്.ആർ ഫണ്ട് നൽകാമെന്ന് ഏറ്റ ബാങ്ക് നഗരസഭക്ക് നൽകിയ കത്തിൽ തുക എത്രയാണെന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഈ ബാങ്കിന്റെ കത്ത് ഫിനാൻസ് കമ്മറ്റി ചർച്ച ചെയ്തുമില്ല. ഇതിൽ കൂടുതൽ തുക സി.എസ്.ആർ ആയി ലഭിക്കുമായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുന്നതിന് മുമ്പ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ സി.എസ്.ആർ ഫണ്ട് നൽകുന്ന ബാങ്ക് കുട പാരിതോഷികമായി നൽകുന്ന വിവരമെത്തി. ഇത് സ്വീകരിക്കരുതെന്ന് താൻ കൗൺസിലർമാരോടെ ഗ്രൂപ്പിലൂടെ പറഞ്ഞു. അതിനാണ് യു.ഡി.എഫ് യോഗം ചേർന്ന് അടുത്ത ദിവസം തനിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിച്ചത്.

നെഹ്റുട്രോഫി സാംസ്കാരിക കമ്മറ്റി കണക്കിൽ ചെറിയ ചോർച്ച ഉണ്ട്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് യോഗത്തിൽ ചർച്ച ചെയ്യാതെ നേരിട്ട് കലക്ടർക്ക് കണക്ക് സമർപ്പിച്ചതെന്നും ജോസ് ചെല്ലപ്പൻ ആരോപിച്ചു. എന്നാൽ, 34 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിശദമായ കണക്ക് അവതരിപ്പിക്കുന്നതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ആർ.ആർ. ജോഷി രാജ് തിരിച്ചടിച്ചു. എൽ.ഡി.എഫ് നേതാവ് വി.ജി. വിഷ്ണു ഉൾപ്പെടെ ഒപ്പിട്ട കണക്കാണ് കലക്ടർക്ക് സമർപ്പിച്ചതെന്ന് പറഞ്ഞപ്പോൾ ഇരുകൂട്ടരും മുദ്രവാക്യം വിളികളും പ്രതിഷേധവും കനപ്പിച്ചു. തുടർന്ന് യോഗം അവസാനിപ്പിച്ചു.

ആരോപണങ്ങൾ അടിസ്ഥാനരഹിതം -നഗരസഭാധ്യക്ഷ മോളി ജേക്കബ്

ആലപ്പുഴ: പതിനാറാം ധനകാര്യ കമീഷൻ ഗ്രാന്റുമായി ബന്ധപ്പെട്ട് വൈസ് ചെയർപേഴ്സണും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്. സെപ്റ്റംബർ 24ന് വൈകുന്നേരം ആറിന്മുമ്പായി നഗരസഭക്ക് ഏറ്റവും കൂടുതൽ സി.എസ്.ആർ ഫണ്ട് നൽകാമെന്ന് അറിയിച്ച ബാങ്കിനാണ് അക്കൗണ്ട് നൽകിയത്. ഇതിൽ യാതൊരു വിധ ക്രമക്കേടും നിയമവിരുദ്ധ നടപടിയും ഉണ്ടായിട്ടില്ല. വൈസ് ചെയർപേഴ്സൺ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

നെഹ്റു ട്രോഫി കൾച്ചറൽ കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൾച്ചറൽ കമ്മിറ്റി മുമ്പാകെ വിശദീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. നഗരസഭയിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി ചെയർപേഴ്സണെ പിന്തുണച്ച് ശക്തമായ ഭരണ സംവിധാനമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ആർ.ആർ.ജോഷി രാജും ഡെപ്യൂട്ടി ലീഡർ എ.എം.നൗഫലും അറിയിച്ചു. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകി യു.ഡി.എഫ്. നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഇരുവരും വ്യക്തമാക്കി.

ഭരണസമിതി രാജിവെക്കണം -പി.ഡി.പി

ആലപ്പുഴ: ആലപ്പുഴ നഗരസഭ ഭരണസമിതിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിലും, വൈസ് ചെയർമാനെതിരായ ഉദ്യോഗസ്ഥ സ്വാധീന വെളിപ്പെടുത്തലിലും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് പി.ഡി.പി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പരസ്പര ആരോപണങ്ങളിലൂടെ വിഷയത്തെ കേവല അധികാര തർക്കമായി ചുരുക്കി ജനങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ അനുവദിക്കില്ല. ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ തയാറാകണം. ഹെൽത്ത് ഓഫീസറുടെ വെളിപ്പെടുത്തലിൽ സ്വതന്ത്രമായ അന്വേഷണവും ഉറപ്പാക്കണം.

അന്വേഷണത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താൻ ഭരണസമിതിയും വൈസ് ചെയർമാനും ഉടനടി രാജിവെച്ച് വിജിലൻസ് അന്വേഷണത്തെ നേരിടണം. നഗരസഭയിലെ പദ്ധതി ഫയലുകളും കരാർ രേഖകളും സംരക്ഷിച്ച് അന്വേഷണ സംഘത്തിന് ലഭ്യമാക്കാനും തയാറാകണം. അല്ലാത്തപക്ഷം സത്യം പുറത്തുകൊണ്ടുവരാൻ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് പി.ഡി.പി നേതൃത്വം നൽകുമെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CSR Fund Row Disrupts Alappuzha Meeting
Next Story