കൺമഷിയിൽ നിന്ന് മില്ലറ്റ് കഫേയിലേക്ക് വിജയപാത വെട്ടി ചഞ്ചല
text_fieldsചഞ്ചല മില്ലറ്റ് കഫേയിൽ
ഹരിപ്പാട്: കൺമഷി നൽകിയ കൺകുളിർമയിലൂടെ കേരളത്തിലെ അറിയപ്പെടുന്ന വനിത സംരംഭകയായി തീർന്ന ചഞ്ചലയുടെ മില്ലറ്റ് കഫേയും വിജയപാതയിലാണ്. ദേവികുളങ്ങര പഞ്ചായത്തിൽ കൂട്ടും വാതുക്കൽ പാലത്തിന്റെ കിഴക്കേക്കരയിലാണ് ചഞ്ചലയുടെ നേതൃത്വത്തിൽ ചെറു ധാന്യങ്ങളുടെ വൈവിധ്യങ്ങളുമായി മില്ലറ്റ് കഫേ പ്രവർത്തിക്കുന്നത്. കൃഷിവകുപ്പ് ജില്ലയിൽ അനുവദിച്ച ആദ്യത്തെ മില്ലറ്റ് കഫേയാണ് ദേവികുളങ്ങരയിലേത്. ദേവികുളങ്ങര കുമരകത്തിൽ പ്രതാപിന്റെ ഭാര്യ ചഞ്ചലയെ കേരളത്തിൽ അറിയപ്പെടുന്ന സംരംഭകയായി വളർത്തിയത് മകൾക്ക് കണ്ണെഴുതുന്നതിനായി വീട്ടിൽ നിർമിച്ച കൺമഷിയാണ്.
ഏറെ കാത്തിരുന്നു കിട്ടിയ മകൾ ഇഷിതക്കായി നിർമിച്ച രാസവസ്തുക്കൾ ചേർക്കാത്ത കൺമഷി ജനപ്രിയമായി. പിന്നീടത് പ്രകൃതിദത്ത ചേരുവകൾ മാത്രം ചേർത്തു നിർമിക്കുന്ന വിവിധ ആയുർവേദ ഉൽപന്നങ്ങളുടെ ബ്രാൻഡായി മാറിയ ‘ഇഷാസ്’ എന്ന സ്ഥാപന ത്തിലേക്ക് വളർത്തി. ദേവികുളങ്ങര പഞ്ചായത്തിൽ എട്ടാംവാർഡിലെ സൗഹൃദ കുടുംബശ്രീ അംഗമായ ചഞ്ചല വിവിധ കുടുംബശ്രീ അംഗങ്ങളെയും വീട്ടുകാരെയും ഒപ്പം ചേർത്ത് രണ്ടുവർഷം മുമ്പ് വീട്ടിൽ തുടങ്ങിയ ഇഷാസ് ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു ബ്രാൻഡാണ്. ഭർത്താവ് പ്രതാപനും സഹായത്തിനുണ്ട്.
ഔഷധ കൺമഷി, ഔഷധ ഉമിക്കരി, തേനീച്ച മെഴുക് ബാം, തേനീച്ചമെഴുകുതിരി, ദന്തപ്പാല എണ്ണ, കുടങ്ങൽ അരിപ്പൊടി, കരിനെച്ചി അരിപ്പൊടി,ഉരുക്ക് വെളിച്ചെണ്ണ, നെല്ലിക്ക മിട്ടായി, നെല്ലിക്ക സർബത്ത്,നാളികേര സർബത്ത്, ഓർഗാനിക് കസ്തൂരി മഞ്ഞൾ, നാടൻ പിഴുപുളി, നാടൻ തോട്ട് പുളി, ചെറുധാ ന്യങ്ങൾ ഉപയോഗിച്ചുള്ള വിവിധ മൂല്യ വർധിത ഉൽപന്നങ്ങൾ എന്നിവയാണ് ഇഷാസിന്റെ ഉൽപന്നങ്ങൾ. കഴിഞ്ഞ മാസമാണ് മില്ലറ്റ് കഫേ തുറന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.